കവര്‍ച്ചക്കിരയായ ലോട്ടറി വില്‍പ്പനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

കൂത്തുപറമ്പ്: കൂത്തുപറമ്പില്‍ കവര്‍ച്ചക്കിരയായ ലോട്ടറി വില്‍പനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാങ്ങാട്ടിടം ആമ്പിലാട്ടെ യു. സതീശനാണ് (65) മരിച്ചത്. കോട്ടയം അങ്ങാടിക്ക് സമീപം സഹോദരന്റെ ഉടമസ്ഥതയിലുള്ള മരമില്ലിന്റെ പറമ്പില്‍ ബുധനാഴ്ച പുലര്‍ച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

ദിവസവും പുലര്‍ച്ച നാലരയോടെ ലോട്ടറി വില്‍പനക്കായി ടൗണിലെത്തുന്ന ഭിന്നശേഷിക്കാരന്‍ കൂടിയായ സതീശന്‍ ഇന്നലെ പുലര്‍ച്ച വീട്ടില്‍നിന്ന് ഇറങ്ങിയതായിരുന്നു. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ച എലിപ്പറ്റിച്ചിറയില്‍ ഓട്ടോ ടാക്‌സിയിലെത്തിയ സംഘം സതീശന്റെ മുഖത്ത് സ്‌പ്രേ അടിച്ച് മയക്കി പണവും ലോട്ടറി ടിക്കറ്റും അടങ്ങിയ ബാഗ് തട്ടിയെടുത്തിരുന്നു. സംഭവശേഷം ഏറെ മാനസിക പ്രയാസത്തിലായിരുന്നു സതീശന്‍. സംഭവത്തെപ്പറ്റി കൂത്തുപറമ്പ് പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് മരണം.

Top