കുതിരാന്‍ തുരങ്കം ഓഗസ്റ്റില്‍ തന്നെ തുറക്കാന്‍ കഴിയുമെന്ന് മന്ത്രി പി. എ മുഹമ്മദ് റിയാസ്

തൃശൂര്‍: കുതിരാന്‍ തുരങ്കപാത ഓഗസ്റ്റ് മാസത്തോടെ സഞ്ചാരയോഗ്യമാക്കാന്‍ സാധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കുതിരാന്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ അടിയന്തരമായി തീരേണ്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജൂലൈ മാസം തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കും. നിലവില്‍ നടന്നു വരുന്ന പ്രവൃത്തികള്‍ തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു.

24 മണിക്കൂറും നിര്‍മാണ ജോലികള്‍ നടത്താന്‍ അനുവാദമുണ്ട്. ജില്ലാ കലക്ടര്‍ കൃത്യമായ ഇടവേളകളില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി വരുന്നു. ആവശ്യാനുസരണം തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ടണലിന്റെ അകത്തു നടക്കുന്ന പ്രവര്‍ത്തനങ്ങളും, മുകള്‍വശത്ത് മണ്ണ് ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളും, കണ്‍ട്രോള്‍ റൂം തുടങ്ങിയവയും മന്ത്രിയുടെ നേതൃത്വത്തില്‍ വിലയിരുത്തി. കാലാവസ്ഥ അനുകൂലമാണെങ്കില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജൂലൈ മാസം തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top