kUSAT fined from the students 82,000

കൊച്ചി: പൂട്ടിന് ഗിന്നസ് റെക്കോര്‍ഡ് നല്‍കി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല. എണ്‍പത്തിരണ്ടായിരം രൂപയുടെ മതിപ്പാണ് പൂട്ടിന് അധികൃതര്‍ കണ്ടത്.

സര്‍വ്വകലാശാല ഹോസ്റ്റല്‍ വാര്‍ഡന്റെ മുറിയുടെ പൂട്ട് ആരോ തകര്‍ത്തതിനാണ് ഹോസ്റ്റലിലെ എല്ലാ വിദ്യാര്‍ത്ഥികളില്‍ നിന്നും 518 രൂപ വീതം പിഴ ഈടാക്കാന്‍ സര്‍വ്വകലാശാല ഉത്തരവിറക്കിയത്.

കൊച്ചിന്‍ സര്‍വ്വകലാശാലയിലെ ഒന്നാംവര്‍ഷവിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിലെ വാര്‍ഡന്റെ മുറിയുടെ പൂട്ട് ആരോ തകര്‍ത്തു. സംഭവമറിഞ്ഞ വാര്‍ഡന്‍ ഉടനെ വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. വിസിയുടെ ഉത്തരവും ഉടനെ പുറത്തിറങ്ങി. ഹോസ്റ്റലിലെ 150ലധികം വിദ്യാര്‍ത്ഥികളില്‍ നിന്നും 518 രൂപ വീതം പിഴ ഈടാക്കുക. അതായത് 18 രൂപ വില വരുന്ന പൂട്ടിന് സര്‍വ്വകലാശാല ഈടാക്കുന്നത് എണ്‍പത്തിരണ്ടായിരം രൂപ.

തീര്‍ന്നില്ല സര്‍വ്വകലാശാലയുടെ ഫൈന്‍ കഥകള്‍. പരീക്ഷസമയത്ത് മുന്‍കൂട്ടി അറിയിച്ചിട്ടും ഷിപ്പ് ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുറി തുറന്ന് കൊടുത്തില്ല. പുസ്തകം എടുക്കാനായി മുറിക്കകത്തുകയറിയ 16 കുട്ടികള്‍ക്ക്‌മേല്‍ 2518 രൂപയാണ് പിഴ. അതായത് രണ്ട് പൂട്ടിന് 40288 രൂപ.

പിഴ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്ന വിദ്യാര്‍ത്ഥികളോട് സിന്‍ഡിക്കേറ്റ് കൂടി തീരുമാനമെടുക്കാമെന്നാണ് വിസിയുടെ ഉറപ്പ്. പൂട്ട് തകര്‍ത്ത് അതിക്രമിച്ച് കയറുന്നത് ക്രിമിനല്‍ കുറ്റം തന്നെയാണ്. എന്നാല്‍ ആ കുറ്റം ചെയ്തവരെ അന്വേഷിച്ച് കണ്ടെത്തിയല്ലേ നടപടിയെടുക്കേണ്ടതെന്നാണ് വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നത്

Top