‘കുറുപ്പ്’ നാളെ സൗദിയിൽ; ചലച്ചിത്ര പ്രേമികൾ ആവേശത്തിൽ

റിയാദ്: ദുൽഖർ സൽമാൻ പ്രധാന വേഷത്തിലെത്തുന്ന ‘കുറുപ്പ്’ എന്ന ബിഗ്​ ബജറ്റ്​ ചിത്രം വെള്ളിയാഴ്​ച സൗദിയിൽ പ്രദർശനത്തിനെത്തും. കുപ്രസിദ്ധ പിടികിട്ടാപുള്ളി സുകുമാര കുറുപ്പി​ന്റെ കഥ പറയുന്ന ‘കുറുപ്പി’നെ വരവേൽക്കാൻ സൗദിയിൽ ദുൽഖർ ആരാധകർ ഒരുങ്ങി കഴിഞ്ഞു. കോവിഡിന്റെ നിഴലകന്ന്​ രാജ്യം സാധാരണനിലയിലേക്ക്​ മടങ്ങുന്ന സാഹചര്യത്തിൽ സൗദിയിലെ തി​യറ്ററുകളിൽ ഒരു വലിയ മലയാളം ചിത്രം പ്രദർശനത്തിന്​ എത്തുന്നത് പ്രവാസി ചലച്ചിത്രപ്രേമികളിൽ​ ഏറെ ആവേശം ജനിപ്പിച്ചിട്ടുണ്ട്​.

സുകുമാര കുറുപ്പ്​ സൗദിയിലുണ്ടെന്ന നിലയിൽ ധാരാളം വാർത്തകൾ മുമ്പ്​ പ്രചരിച്ചിരുന്നു. തന്നെ കുറിച്ചുള്ള സിനിമ കാണാൻ ഇനി സാക്ഷാൽ സുകുമാരക്കുറുപ്പ്​ തന്നെ തിയറ്ററിലെത്തുമോ എന്ന നിലയിൽ വരെ ചർച്ചകൾ പുരോഗമിക്കുന്നുണ്ട്​. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 25ഓളം തിയറ്ററിലാണ് കുറുപ്പ് പ്രദർശനത്തിനെത്തുന്നത്.

ചൊവ്വാഴ്ച മുതൽ ഓൺലൈനിൽ ടിക്കറ്റ് ലഭ്യമാണ്. ടിക്കറ്റ് വിതരണം ആരംഭിച്ചതോടെ പലരും നേരത്തെ തന്നെ ഇരിപ്പിടം ഉറപ്പിച്ചു. സൗദിയിലെ പ്രമുഖ സിനിമ തിയറ്ററുകളായ വോക്‌സ് സിനിമ, എ.എം.സി, എമ്പയർ സിനിമാസ്, സിനി പോളീസ് എന്നീ തിയറ്ററുകളിലാണ് സിനിമ പ്രദർശനത്തിന് എത്തുന്നത്. വെള്ളിയാഴ്​ച രാവിലെ 8.25 നാണ് ആദ്യ ഷോ.

Top