കുര്‍ഹാനി; ബിജെപി വിജയം നിതീഷ് കുമാറിനോടുള്ള ജനങ്ങളുടെ രോഷം: പ്രശാന്ത് കിഷോര്‍

പട്ന: കുർഹാനി ഉപതെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും അദ്ദേഹത്തിന്റെ മഹാഗഡ്ബന്ധൻ സർക്കാരിനുമെതിരെയുള്ള ജനങ്ങളുടെ രോഷത്തിന്റെ പ്രതിഫലനമാണെന്ന് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോർ. ബിഹാറിലെ വ്യാപകമായ അഴിമതിയിൽ മടുത്തവരാണ് അവിടുത്തെ ജനങ്ങളെന്ന് ആളുകളുമായി ആശയവിനിമയം നടത്തുന്നതിനിടെ താൻ മനസ്സിലാക്കിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

“മഹാഗഡ്ബന്ധന്‍ സർക്കാരിന്റെ പ്രകടനത്തിൽ ആളുകൾ തൃപ്തരല്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാൻ ജനങ്ങളുമായി സംവദിക്കുന്നു. സംസ്ഥാനത്ത് വ്യാപകമായ അഴിമതിയിൽ തങ്ങൾ മടുത്തുവെന്നാണ് ജനങ്ങളുടെ നിലപാട്, എനിക്ക് മനസിലാവും. പൂർണ ആത്മവിശ്വാസത്തോടെയാണ് ഞാനിത് പറയുന്നത്. കുർഹാനി ഉപതെരഞ്ഞെടുപ്പ് ഫലം നിതീഷ് കുമാറിനെതിരെയുള്ള ജനങ്ങളുടെ രോഷത്തിന്റെ പ്രതിഫലനമാണ്”. കിഴക്കൻ ചമ്പാരനിലെ ഘോഡസഹൻ പ്രദേശത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ പ്രശാന്ത് കിഷോർ പറഞ്ഞു,

മഹാബഡ്ബന്ധന്‍ സര്‍ക്കാരില്‍ നിന്ന് ഉപതെരഞ്ഞെടുപ്പിന്‍ കുർഹാനി നിയമസഭാ സീറ്റ് ബിജെപി പിടിച്ചെടുക്കുകയായിരുന്നു. “ഡിസംബർ 5 ന്, തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് കുർഹാനിയിൽ നിതീഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം നടന്നപ്പോൾ രോഷാകുലരായാണ് ജനങ്ങള്‍ അദ്ദേഹത്തെ അഭിവാദ്യം ചെയ്തത്. നിതീഷ് കുമാർ വേദിയിൽ എത്തിയപ്പോൾ പ്രതിഷേധക്കാർ ബഹളം സൃഷ്ടിക്കുകയും അദ്ദേഹത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയും കസേരകൾ വലിച്ചെറിയുകയും ചെയ്തു. മുഖ്യമന്ത്രിക്കെതിരായ ജനങ്ങളുടെ രോഷം എല്ലായിടത്തും കാണാന്‍ കഴിയും. .സംസ്ഥാനത്തെ ഒരു ചെറിയ ഗ്രാമത്തിൽ പോലും സുരക്ഷാ ഗാർഡുകളില്ലാതെ മുഖ്യമന്ത്രിക്ക് നടക്കാൻ കഴിയില്ല,” പ്രശാന്ത് കിഷോർ അവകാശപ്പെട്ടു.

2018 ൽ ജെഡിയുവിൽ ചേര്‍ന്ന പ്രശാന്ത് കിഷോര്‍ രണ്ട് വർഷത്തിന് ശേഷം പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെടുകയായിരുന്നു. ജനങ്ങളുമായി ബന്ധപ്പെടാനും അവരെ പൊതുധാരയിലേക്ക് കൊണ്ടുവരാനും ലക്ഷ്യമിട്ടുള്ള തന്റെ ജൻ സൂരജ് കാമ്പയിന്റെ ഭാഗമായി കാൽനടയായി ബീഹാറിലുടനീളം അദ്ദേഹം സഞ്ചരിക്കുകയാണ്. അദ്ദേഹത്തിന്റെ സജീവ രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവിന്റെ മുന്നോടിയായാണ് ഈ ജാഥയെ പൊതുവെ വിലയിരുത്തുന്നത്.

Top