‘അശ്ലീലവും അപരിഷ്കൃതവും’; കുറവൻ കുറത്തിയാട്ടം തമിഴ്നാട്ടിൽ നിരോധിച്ച് ഹൈക്കോടതി

ചെന്നൈ : കുറവൻ – കുറത്തിയാട്ടം എന്ന നൃത്തരൂപം തമിഴ്നാട്ടിൽ നിരോധിച്ചു. വിവിധ ജനവിഭാഗങ്ങളെ മോശമാക്കി ചിത്രീകരിക്കുന്നു എന്നുകാട്ടി മധുര സ്വദേശി നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതിയാണ് നൃത്തം നിരോധിച്ചുകൊണ്ട് ഉത്തരവിട്ടത്. കുറവൻ കുറത്തിയാട്ടത്തിൻറെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കാനും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിർദേശിച്ചു. കുറവ സമുദായത്തിന്റെ അനുമതിയോടെയല്ല നൃത്തരൂപത്തിൽ സമുദായത്തിന്റെ പേര് ഉപയോഗിക്കുന്നതെന്നും പരാതിക്കാരൻ വ്യക്തമാക്കിയിരുന്നു.

തമിഴ്നാട്ടിലെ ഗ്രാമീണ ക്ഷേത്രോത്സവങ്ങളുമായി ബന്ധപ്പെട്ടും മറ്റ് ആഘോഷങ്ങളുടെ ഭാഗമായും കുറവൻ കുറത്തിയാട്ടം അവതരിപ്പിക്കാറുണ്ട്. അപരിഷ്കൃതവും അശ്ലീല ചേഷ്ടകളും നിറഞ്ഞ നൃത്തമാണിതെന്ന് കാട്ടിയാണ് മധുര സ്വദേശി ഇരണിയൻ എന്നയാൾ ഹൈക്കോടതിയിൽ ഹർജി നൽകിയത്. പേര് സൂചിപ്പിക്കുന്നതുപോലെ കുറവ വിഭാഗത്തിൽപ്പെട്ടവരല്ല നർത്തകരെങ്കിലും ആ വിഭാഗത്തിന്റെ പരമ്പരാഗത നൃത്തമെന്ന പേരിലാണ് ഇത് അവതരിപ്പിക്കുന്നത്. കുറവർ വിഭാഗത്തിൽപ്പെട്ട ഇരുപത് ലക്ഷത്തിലേറെപ്പേർ തമിഴ്നാട്ടിലുണ്ട്. സർക്കാർ ഉദ്യോഗസ്ഥരായും സർവകലാശാലാ അധ്യാപകരായുമൊക്കെ ഉന്നതനിലയിൽ പ്രവർത്തിക്കുന്നവർ സമുദായത്തിലുണ്ട്. എങ്കിലും നൃത്തരൂപത്തിലൂടെ സമുദായത്തിന് നൽകിയിരിക്കുന്ന പ്രതിച്ഛായ തെറ്റാണെന്നും പരാതിക്കാരൻ വിശദമാക്കുന്നു.

Top