കുന്നംകുളം ഉപജില്ലാ കലോത്സവം; ദഫ്മുട്ട് മത്സരഫലത്തില്‍ അപാകത; വിദ്യാര്‍ത്ഥികള്‍ വേദിയില്‍ കയറി പ്രതിഷേധിച്ചു

കുന്നംകുളം: കുന്നംകുളം ഉപജില്ലാ കലോത്സവത്തില്‍ സംഘര്‍ഷം. ദഫ്മുട്ട് വിധി നിര്‍ണയത്തെ സംബന്ധിച്ച് തര്‍ക്കം പൊലീസ് ലാത്തി വീശലില്‍ കലാശിച്ചു. വിധിയില്‍ അപാകത ഉണ്ടെന്ന് കാണിച്ച് ചെറുമനങ്ങാട് കോണ്‍കോട് HSS സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ വേദിയില്‍ കയറി പ്രതിഷേധിക്കുകയായിരുന്നു.

പൊലീസ് ലാത്തി വീശിയതിനെ തുടര്‍ന്ന് ഒരു വിദ്യാര്‍ത്ഥിക്ക് സാരമായി പരുക്കേറ്റു. പത്തിലധികം വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റതായാണ് വിവരം.
വട്ടപ്പാട്ട് മത്സരം നടന്ന അതേ വേദിയില്‍ തന്നെയാണ് ദഫ്മുട്ട് മത്സരവും നടന്നത്. വട്ടപ്പാട്ടിലെ വിധി കര്‍ത്താക്കളുമായി ബന്ധപ്പെട്ട് ചെറിയ തര്‍ക്കമുണ്ടായിരുന്നു.

വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ മൈക്ക് ഉള്‍പ്പെടെ തട്ടിമറിച്ചിട്ടതോടെയാണ് പൊലീസ് ലാത്തി വീശിയത്. +2 വിദ്യാര്‍ത്ഥി റസലിനാണ് സാരമായി പരുക്കേറ്റത്. സംഘര്‍ഷത്തെ തുടര്‍ന്ന് ഉപജില്ലാ കലോത്സവം തടസ്സപ്പെട്ടു. അല്‍ അമീന്‍ സ്‌കൂളിലാണ് ദഫ്മുട്ട് മത്സരം നടന്നത്.

Top