കുന്നംകുളം അപകടം: വാന്‍ ഡ്രൈവറും സ്വിഫ്റ്റ് ഡ്രൈവറും അറസ്റ്റില്‍

തൃശൂർ: തൃശൂർ കുന്നംകുളത്തെ കെ സ്വിഫ്റ്റ് അപകടവുമായി ബന്ധപ്പെട്ട് കെ സ്വിഫ്റ്റ് ബസിന്റേയും പിക്അപ് വാനിന്റേയും ഡ്രൈവർമാർ അറസ്റ്റിൽ. എരുമപ്പെട്ടി സ്വദേശി സൈനുദീൻ, കോട്ടയം സ്വദേശി വിനോദ് എന്നിവരാണ് അറസ്റ്റിലായത്. സൈനുദീൻ പിക്ക്അപ് വാനിന്റേയും വിനോദ് കെ സ്വിഫ്റ്റ് ബസിന്റേയും ഡ്രൈവറാണ്. അശ്രദ്ധമായി വാഹനമോടിച്ച് അപകടം വരുത്തിയെന്ന കുറ്റം ചുമത്തിയാണ് കേസ്.

എരുമപ്പെട്ടി വെള്ളറക്കാട് സ്വദേശിയുടെ കെഎൽ48 1176 നമ്പർ വാനാണ് ഇന്നലെ അപകടത്തിൽ മരിച്ച പരസ്വാമിയെ ഇടിച്ചത്. താഴെ വീണ പരസ്വാമിയുടെ കാലിൽ കൂടി കെ സ്വീഫ്റ്റ് ബസ് കയറിയിരുന്നു.

മരിച്ച പരസ്വാമിയെ ആദ്യം ഇടിച്ചത് പിക്ക് അപ്പ് വാനാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് നടത്തിയ പരിശോധനയിലാണ് വാൻ കണ്ടെത്തിയത്. വാനിടിച്ച് നിലത്തുവീണ പരസ്വാമിയുടെ കാലിൽക്കൂടി കെഎസ്ആർടിസി കെ സ്വിഫ്റ്റ് ബസ് കയറിയിറങ്ങുകയായിരുന്നു. നേരത്തേ കെഎസ്ആർടിസി കെ സ്വിഫ്റ്റ് ബസിടിച്ചാണ് ഇദ്ദേഹം മരിച്ചതെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.തൃശ്ശൂർ കുന്നംകുളത്ത് വച്ച് ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. തമിഴ്‌നാട് കള്ളകുറിച്ചി സ്വദേശിയായ പരസ്വാമിയാണ് (55) മരിച്ചത്.

Top