മതം മാറ്റം പ്രമേയമാക്കി ഒരുക്കുന്ന ‘കുഞ്ഞിരാമന്റെ കുപ്പായം’ ; വിദേശ രാജ്യങ്ങളില്‍ ഉടന്‍ റിലീസ് ചെയ്യില്ല

വാഗതനായ സിദ്ദിഖ് ചേന്ദമംഗല്ലൂര്‍ സംവിധാനം ചെയ്യുന്ന കുഞ്ഞിരാമന്റെ കുപ്പായം വിദേശ രാജ്യങ്ങളില്‍ ഉടന്‍ റിലീസ് ചെയ്യില്ല. ജൂലൈ 19 ന് കേളത്തിലും തമിഴ്‌നാട്ടിലും ചിത്രം റിലീസ് ചെയ്യും.
ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് മാത്രമാണ് വിദേശ രാജ്യങ്ങളില്‍ സിനിമ റിലീസ് ചെയ്യാത്തതെന്നും മറ്റു തടസ്സങ്ങള്‍ ഒന്നുമില്ലെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

മതം മാറ്റം മുഖ്യ പ്രമേയമായി അവതരിപ്പിക്കുന്ന സിനിമ മെയ് 3 നാണ് റിലീസ് ചെയ്യാനുദ്ദേശിച്ചിരുന്നത്. സിനിമ പിന്നീട് ജൂണ്‍ 21 ലേക്ക് മാറ്റി വെച്ചിരുന്നു. രണ്ട് റിലീസ് തിയ്യതിയും തലേ ദിവസമാണ് മാറ്റിയത്. സിനിമയുടെ പോസ്റ്ററില്‍ മതം മാറ്റവും പ്രണയവും തമ്മില്‍ എന്താണ് ബന്ധം എന്ന ടാഗ് ലൈന്‍ ഇതിനിടെ പുറത്ത് വിട്ട മൂന്ന് പോസ്റ്ററില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ കുഞ്ഞിരാമന്‍ മതം മാറി ഇസ്ലാം മതം സ്വീകരിച്ച ചിത്രം പോസ്റ്ററില്‍ പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്.

ഇന്ത്യന്‍ സിനിമ ഇന്നേവരെ പറയാത്ത കഥയാണ് സംവിധായകന്‍ സിദ്ദീഖ് ചേന്ദമംഗല്ലൂര്‍ പ്രേക്ഷകരോട് ചിത്രത്തിലൂടെ പറയുന്നത്. മത പരിവര്‍ത്തനം എങ്ങനെ ബാധിക്കുന്നുവെന്ന് ചിത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ സിനിമ ഒരു മതത്തേയും ഇകഴ്ത്താനോ പുകഴ്ത്താനോ ഉദ്ദേശിച്ചിട്ടിലെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

തലൈവാസല്‍ വിജയ്, മേജര്‍ രവി, ശ്രീരാമന്‍, സജിതാ മഠത്തില്‍ , ലിന്റാ കുമാര്‍, ഗിരിധര്‍, അശോക് മഹീന്ദ്ര, പ്രകാശ് പയ്യാനക്കല്‍, സ്വാതി, ദര്‍ശിക എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ആരാം എന്റര്‍ടൈയ്‌മെന്റ്, സെഞ്ച്വറി വിഷ്വല്‍ മീഡിയ എന്നിവയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രാജേഷ് രാജു നിര്‍വ്വഹിക്കുന്നു. സിദീഖ് ചേന്ദമംഗല്ലൂര്‍, ഹരിപ്രസാദ് കോളേരി എന്നിവര്‍ തിരക്കഥ, സംഭാഷണമെഴുതിയ ചിത്രത്തിന്റെ എഡിറ്റര്‍ സഫ്തര്‍ മര്‍വയാണ്.

പി.കെ ഗോപിയുടെ വരികള്‍ക്ക് സിറാജ് സംഗീതം പകരുന്നു. ഷാജി പട്ടിക്കരയുടെ ടീം സിനിമയാണ് കേരളത്തിലും തമിഴ്‌നാട്ടിലും ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

Top