കുഞ്ഞാലിക്കുട്ടിക്ക് ഡൽഹിയും മടുത്തു, തിരിച്ച് വീണ്ടും കേരള രാഷ്ട്രീയത്തിലേക്ക്. .

kunjahlikkutty

മുത്തലാഖ് വിവാദം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരവിനുള്ള ആയുധമാക്കാനുറച്ച് പി.കെ കുഞ്ഞാലിക്കുട്ടി. മുത്തലാഖ് വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കവെ വ്യവസായ പ്രമുഖന്റെ വീട്ടിലെ വിവാഹചടങ്ങില്‍ കുഞ്ഞാലിക്കുട്ടി പങ്കെടുത്തത് വിവാദമാക്കിയതിനു പിന്നില്‍ പാര്‍ട്ടിയിലെ കുറുമുന്നണിയാണെന്ന നിലപാടാണ് കുഞ്ഞാലിക്കുട്ടിയുമായി അടുപ്പമുള്ളവര്‍ക്ക്.

ഇതിനു തിരിച്ചടി നല്‍കാന്‍ ഇനി എം.പിയായി മത്സരിക്കാതെ സംസ്ഥാന രഷ്ട്രീയത്തില്‍ ശ്രദ്ധയൂന്നാനാണ് കുഞ്ഞാലിക്കുട്ടിയുടെ നീക്കം. കുഞ്ഞാലിക്കുട്ടിയുടെ അഭാവത്തില്‍ മുസ്‌ലിം ലീഗ് നിയമസഭാ കക്ഷിനേതാവായ എം.കെ മുനീറിനും അടുത്തതവണ എം.എല്‍.എയായി മത്സരിച്ച് മന്ത്രി സ്ഥാനം സ്വപ്‌നം കാണുന്ന പി.വി അബ്ദുല്‍വഹാബ് അടക്കമുള്ളവര്‍ക്കും ഇത് തിരിച്ചടിയാകും.

ഇ. അഹമ്മദിന്റെ വിയോഗത്തോടെ പി.കെ കുഞ്ഞാലിക്കുട്ടിയെ മലപ്പുറത്തുനിന്നുള്ള എം.പിയാക്കി ഡല്‍ഹിയിലേക്കയച്ചതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ മേധാവിത്വത്തിന് അറുതിവരുമെന്ന കണക്കുകൂട്ടലിലായിരുന്നു ലീഗിലെ ഒരു വിഭാഗത്തിന് ഉണ്ടായിരുന്നത്. കുഞ്ഞാലിക്കുട്ടി രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ച കെ.പി.എ മജീദിനെ വെട്ടി രാജ്യസഭാ സീറ്റ് പിടിച്ചുവാങ്ങിയ പി.വി അബ്ദുല്‍വഹാബാണ് സംസ്ഥാന ലീഗ് രാഷ്ട്രീയത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നത്. എം.കെ മുനീര്‍, ഇ.ടി മുഹമ്മദ്ബഷീര്‍ എന്നിവരും ലീഗില്‍ കുഞ്ഞാലിക്കുട്ടി വിരുദ്ധ പക്ഷത്താണ്.

കുഞ്ഞാലിക്കുട്ടി രാജിവെച്ച വേങ്ങര നിയമസഭാ മണ്ഡലത്തില്‍ അദ്ദേഹം തന്നെ നിര്‍ദ്ദേശിച്ച യു.എ ലത്തീഫിനെ അവസാന നിമിഷം വെട്ടി കെ.എന്‍.എ ഖാദറിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനു പിന്നിലും കുഞ്ഞാലിക്കുട്ടി വിരുദ്ധ കുറുമുന്നണിയായിരുന്നു. കെ.എം ഷാജി, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് എന്നിവര്‍ക്ക് ലീഗില്‍ താരപരിവേഷം ലഭിച്ചതിനും കുഞ്ഞാലിക്കുട്ടിയുടെ പ്രഭ മങ്ങുന്നതിനും ലീഗ് രാഷ്ട്രീയം സാക്ഷ്യം വഹിച്ചു.

കുഞ്ഞാലിക്കുട്ടി തീരുമാനിക്കുകയും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നതായിരുന്നു മുമ്പ് ലീഗിലെ കീഴ്‌വഴക്കം. ഭരണവും പാര്‍ട്ടിയും ഒരുപോലെ കൈപ്പിടിയിലൊതുക്കാന്‍ കുഞ്ഞാലിക്കുട്ടിക്കു കഴിഞ്ഞിരുന്നു. മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തോടെ ഹൈദരലി ശിഹാബ് തങ്ങള്‍ ലീഗ് അധ്യക്ഷനാവുകയും പാണക്കാട് കുടുംബവുമായി വ്യവസായിയായ പി.വി അബ്ദുല്‍വഹാബ് കൂടുതല്‍ ബന്ധം സ്ഥാപിക്കുകയും ചെയ്തതോടെയാണ് കുഞ്ഞാലിക്കുട്ടിയുടെ നിയന്ത്രണങ്ങള്‍ നഷ്ടമായത്.

ഇ. അഹമ്മദിന്റെ നിര്യാണത്തോടെ നിയമസഭാംഗത്വം രാജിവെച്ച് എം.പിയായി ഡല്‍ഹിയിലേക്കു പോയത് രാഷ്ട്രീയ മണ്ടത്തരമായെന്ന വിലയിരുത്തലാണിപ്പോള്‍ കുഞ്ഞാലിക്കുട്ടിപക്ഷം. മുസ്‌ലിം ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായെങ്കിലും ദേശീയ രാഷ്ട്രീയത്തില്‍ കഴിവുതെളിയിക്കാനോ പാര്‍ലമെന്റില്‍ തിളങ്ങാനോ കുഞ്ഞാലിക്കുട്ടിക്കു കഴിഞ്ഞില്ല. ദേശീയ പ്രസിഡന്റിനെ മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റായ പാണക്കാട് തങ്ങള്‍ തീരുമാനിക്കുന്ന ലീഗില്‍ സംസ്ഥാന രാഷ്ട്രീയം തന്നെയാണ് വലുതെന്ന് ഇപ്പോള്‍ കുഞ്ഞാലിക്കുട്ടി തിരിച്ചറിഞ്ഞിരിക്കുകയാണ്.

Political reporter

Top