ഇത്തവണ യുഡിഎഫിന്റെ സമയം, വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: തദ്ദേശ തെരഞ്ഞെടപ്പില്‍ യുഡിഎഫ് വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ഇതുവരെ യുഡിഎഫിന് കടന്നു കയറാന്‍ പറ്റാത്ത മേഖലകളിലും യുഡിഎഫ് കടന്നു കയറും. താന്‍ നയിച്ച പ്രചാരണ പരിപാടികളില്‍ നിന്ന് മനസിലാക്കാന്‍ കഴിഞ്ഞത് ഇത്തവണ യുഡിഎഫിന്റെ സമയമാണെന്നാണ്. യുഡിഎഫിന്റെ അപ്പര്‍ ഹാന്‍ഡാണ് എല്ലായിടത്തുമുള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നിലവില്‍ എല്‍ഡിഎഫിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കൊന്നും തൃപ്തികരമായ മറുപടിയല്ല ലഭിക്കുന്നത്. പകരം പ്രതികാര നടപടിയാണ് മറുപടി. എല്‍ഡിഎഫിനെ കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നു. പകരം വിജിലന്‍സിനെ ഉപയോഗിച്ച് യുഡിഎഫിനെ അന്വേഷിപ്പിക്കുന്നു. ഇത് പ്രതിപക്ഷത്തിനോടുള്ള പീഡന നടപടിയാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 100 ശതമാനം വിജയപ്രതീക്ഷയാണുള്ളത്. എല്‍ഡിഎഫിന് ഒറ്റ സീറ്റു പോലും മലപ്പുറത്ത് ലഭിക്കില്ല. കേരളത്തിലെ മിക്ക ജില്ലകളിലും ഇപ്പോള്‍ യുഡിഎഫ് ട്രെന്‍ഡാണുള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്പീക്കര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ക്കുള്ള മറുപടി തൃപ്തികരമല്ല. കേരളം വളരെ ഞെട്ടലോടും ആശങ്കയോടും കൂടിയാണ് ഇക്കാര്യങ്ങളൊക്കെ നോക്കിക്കാണുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Top