കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു; വ്യക്തമാക്കി ലീഗ് നേതൃത്വം

മലപ്പുറം: മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറിയും എംപിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി ഒരിടവേളയ്ക്ക് ശേഷം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു. ദേശീയ രാഷ്ട്രീയത്തില്‍ ലീഗിന്റെ മുഖമായിരുന്ന അദ്ദേഹം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരികയാണെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു. പാണക്കാട് ഹൈദരലി തങ്ങളാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

ദേശീയ രാഷ്ട്രീയത്തില്‍ ലീഗിന്റെ അമരക്കാരനായി ഇനി ഇ.ടി.മുഹമ്മദ് ബഷീര്‍ വരും. വരാനിരിക്കുന്ന സംസ്ഥാനത്തെ തെരഞ്ഞെടുപ്പുകളുടെ ചുമതല പൂര്‍ണമായും കുഞ്ഞാലിക്കുട്ടിയെ ഏല്‍പ്പിച്ചുവെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി. സമീപ ഭാവിയില്‍ സംസ്ഥാനത്തെ നിര്‍ണായക രാഷ്ട്രീയ സംഭവങ്ങളിലെല്ലാം കുഞ്ഞാലിക്കുട്ടി ഇടപെട്ടിരുന്നു. ഇതോടെ അദ്ദേഹം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന സൂചനകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന ഒപ്പ് വിവാദത്തിലും പി.ജെ.ജോസഫ്-ജോസ് കെ. മാണി തര്‍ക്കത്തില്‍ മധ്യസ്ഥനായും കുഞ്ഞാലിക്കുട്ടി രംഗത്തുണ്ടായിരുന്നു.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ലീഗിന്റെ തന്ത്രങ്ങള്‍ മെനയുന്ന അമരക്കാരനായി കുഞ്ഞാലിക്കുട്ടി രംഗത്തുണ്ടാകും. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപി സ്ഥാനം രാജിവച്ച് കുഞ്ഞാലിക്കുട്ടി മത്സര രംഗത്തുണ്ടാകുമെന്നും സൂചനകളുണ്ട്.

വരാന്‍ പോകുന്നത് തിരഞ്ഞെടുപ്പുകളുടെ ഒരു ഘോഷയാത്രയാണെന്നും വലിയ വെല്ലുവിളിയാണ് നേരിടാനുള്ളതെന്നും പി.കെ. കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. നടന്നുകൊണ്ടിരിക്കുന്ന ഭരണം കേരളത്തിന് വലിയ മോശമായ സ്ഥിതിയാണുണ്ടാക്കുന്നത്. ഒരു ഗുണവും ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Top