ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ; വിമര്‍ശനം ഉള്‍ക്കൊള്ളുന്നതായി കുഞ്ഞാലിക്കുട്ടി

kunjalikutty

മലപ്പുറം: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അവസരം നഷ്ടപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വിമര്‍ശനം ഉള്‍കൊള്ളുന്നതായി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി.

വിമാനം വൈകിയതിനെ തുടര്‍ന്ന് കുഞ്ഞാലിക്കുട്ടിക്ക് തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ സാധിച്ചിരുന്നില്ല.

ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ ഒരുതരത്തിലുള്ള ആശയകുഴപ്പവുമില്ല. ഇത് ഉയര്‍ത്തികൊണ്ടുവരുന്നവരുടെ ദുഷ്ടലാക്ക് പാര്‍ട്ടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.’

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് ഒരു ദിവസം മുമ്പ് പോയി ക്യാമ്പ് ചെയ്യാമായിരുന്നുവെന്ന വിമര്‍ശനം ഉള്‍കൊള്ളുന്നുവെന്നും. ബി.ജെ.പിക്കെതിരെയുള്ള പോരാട്ടത്തില്‍ കുറച്ചുകൂടി അവധാനതയോടെയുള്ള സമീപനം ആവശ്യമാണെന്ന നിര്‍ദേശവും സ്വീകരിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

ഭാവിയില്‍ ഇതുള്‍കൊണ്ടുള്ള സൂക്ഷ്മത പുലര്‍ത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

എയര്‍ഇന്ത്യ വിമാനം വൈകിയതിനെ തുടര്‍ന്ന് വോട്ട് ചെയ്യാനുള്ള സമയം കഴിഞ്ഞാണ് എംപി മാരായ കുഞ്ഞാലിക്കുട്ടിയും അബ്ദുള്‍ വഹാബും പാര്‍ലമെന്റില്‍ എത്തിയത്.

Top