അറസ്റ്റ് വിവരം നേരത്തെ അറിയാമായിരുന്നു; പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: പാലാരിവട്ടം അഴിമതി കേസില്‍ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് അനവസരത്തിലുള്ളതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. വിജിലന്‍സിന്റെ രാഷ്ട്രീയ പ്രേരിതമായ നടപടിയാണെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. തയ്യാറാക്കിയ പട്ടിക അനുസരിച്ചാണ് അറസ്റ്റ് നടക്കുന്നതെന്നാണ് ലീഗ് ആരോപിക്കുന്നത്.

ഇത് അറസ്റ്റ് ആവശ്യമില്ലാത്ത കേസാണെന്നും ഇപ്പോള്‍ സര്‍ക്കാരിന് മറ്റ് വിവാദങ്ങളും പ്രശ്‌നങ്ങളും ബാലന്‍സ് ചെയ്യാന്‍ വേണ്ടി നടത്തുന്ന നാടകമാണ് ഇതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. യുഡിഎഫ് സര്‍ക്കാര്‍ ഇത്തരം നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

അറസ്റ്റ് ഉണ്ടാവുമെന്ന് നേരത്തെ തന്നെ വിവരമുണ്ടായിരുന്നു. അറസ്റ്റിനായി രണ്ട് മൂന്ന് ദിവസങ്ങളായി യോഗങ്ങള്‍ ചേര്‍ന്നുവെന്നും നഗ്നമായ അധികാര ദുര്‍വിനിയോഗമാണ് നടന്നതെന്നും കുഞ്ഞാലിക്കുട്ടി ആരോപിക്കുന്നു. ഇടത് മുന്നണി നീക്കത്തിനെതിരെ വ്യാപക പ്രചരണം നടത്താനാണ് ലീഗിന്റെ തീരുമാനം. അറസ്റ്റ് ചെയ്യേണ്ടിയിരുന്നുവെങ്കില്‍ അപ്പോള്‍ തന്നെ ചെയ്യണമായിരുന്നു, തോന്നുമ്പോള്‍ ചെയ്യാന്‍ പറ്റില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Top