കുഞ്ഞാലിക്കുട്ടിയും . . . മുസ്ലീം ലീഗും, തീർക്കാൻ ശ്രമിക്കുന്നത് അതാണ് ! !

ന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷത്തിന് വന്‍ തിരിച്ചടി. ഈ കേസില്‍ മന്ത്രിയെ പ്രതിയാക്കാന്‍ കഴിയില്ലന്ന് അവര്‍ തന്നെ ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്. എങ്കിലും എന്‍ഫോഴ്‌സ് മെന്റ് ക്ലീന്‍ ചിറ്റ് നല്‍കുന്നത് വരെ പ്രക്ഷോഭം തുടരാനാണ് തീരുമാനം. എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും ജലീലിനെ ചോദ്യം ചെയ്യുമെന്ന പുതിയ വാര്‍ത്തകളും സംശയകരമാണ്. കേന്ദ്ര ഇടപെടല്‍ സംശയിക്കേണ്ട സാഹചര്യമാണിത്.കാരണം നേരത്തെ പുറത്ത് വന്ന വാര്‍ത്ത മന്ത്രിയുടെ മൊഴി എന്‍ഫോഴ്‌സ്‌മെന്റിന് തൃപ്തികരമാണെന്നതായിരുന്നു.അംബാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള, ന്യൂസ് 18 ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മന്ത്രിക്ക് സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ലന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയതായാണ് ചാനല്‍ റിപ്പോര്‍ട്ട് ചെയിതിരുന്നത്. മന്ത്രിയെ വീണ്ടും എന്‍ഫോഴ്‌സ് മെന്റ് ചോദ്യം ചെയ്യുമെന്ന വാര്‍ത്തകളെയാകെ നിരാകരിക്കുന്നതായിരുന്നു ഈ റിപ്പോര്‍ട്ട്.

രാജ്യത്ത് ഏറ്റവും അധികം നെറ്റ്‌വര്‍ക്കുള്ള മാധ്യമ ശൃംഖലയാണ് സി.എന്‍.എന്‍- ന്യൂസ് 18. നേരത്തെ, മുഖ്യമന്ത്രിക്കെതിരെ തെളിവില്ലന്ന് എന്‍.ഐ.എ ഉദ്യാഗസ്ഥര്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട് ചെയ്തതും ഈ ചാനലാണ്. അന്ന് ഡെപ്യൂട്ടി എഡിറ്റര്‍ അരുണിമയാണ് എക്‌സ്‌ക്ലൂസീവ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നത്.ഈ ദേശീയ ചാനലിന്റെ റിപ്പോര്‍ട്ടുകള്‍, മറ്റു മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളെയാണ് നിരാകരിച്ചിരുന്നത്. ജലീലിനെ വീണ്ടും എന്‍ഫോഴ്‌സ് മെന്റ് ചോദ്യം ചെയ്യുമെന്നാണ് മാധ്യമങ്ങളെല്ലാം പടച്ച് വിട്ടിരുന്നത്. ഈ വാര്‍ത്തകള്‍ അടിസ്ഥാനമാക്കിയാണ് പ്രതിപക്ഷവും പ്രക്ഷോഭ തീ പടര്‍ത്തിയിരുന്നത്.പ്രക്ഷോഭം പാതിവഴിയില്‍ നിര്‍ത്താതിരിക്കാന്‍ ബി.ജെ.പി വക ഒരു ‘ഇടപെടല്‍’ നടന്നതായാണ് സി.പി.എം സംശയിക്കുന്നത്. അതു കൊണ്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് നിലപാട് മാറ്റിയതെന്നാണ് സംശയം. മന്ത്രിയുടെ രാജിയിലൂടെ രാഷ്ട്രീയ നേട്ടമാണ് ബി.ജെ.പിയും കോണ്‍ഗ്രസ്സും ലക്ഷ്യമിടുന്നത്.

അതേസമയം മാധ്യമ വാര്‍ത്ത കൊണ്ട്, ജലീലിനെ മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കാന്‍ കഴിയില്ലന്ന്, മുഖ്യമന്ത്രിയും വ്യക്തമാക്കി കഴിഞ്ഞു.’ ഉപ്പു തിന്നവര്‍ മാത്രം’ വെള്ളം കുടിച്ചാല്‍ മതിയെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്.’എവിടെ വേണമെങ്കിലും കേന്ദ്ര ഏജന്‍സി അന്വേഷിക്കട്ടെ, തന്റെ ഓഫീസിലും അന്വേഷിക്കട്ടെ, അന്വേഷണം തീരുമ്പോള്‍ ആരുടെ നെഞ്ചിടിപ്പാണ് കൂടുന്നതെന്ന് അപ്പോള്‍ കാണാം’ എന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്. സിനിമാ ഡയലോഗിനെ വെല്ലുന്ന ഈ ഡയലോഗില്‍ അമ്പരന്നിരിക്കുന്നത് പ്രതിപക്ഷമാണ്. എന്താണ് മുഖ്യമന്ത്രി ഉദ്യേശിക്കുന്നതെന്ന് അവര്‍ക്കും ഇതുവരെ പിടികിട്ടിയിട്ടില്ല. മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകളുടെ പിന്നാലെ തന്നെയാണ്, പ്രതിപക്ഷം ഇപ്പോഴും പോയി കൊണ്ടിരിക്കുന്നത്.ഒരു മന്ത്രിയുടെ അടുത്ത് നിന്നും കേന്ദ്രഏജന്‍സി മൊഴി എടുത്തു എന്നതുകൊണ്ട് മാത്രം അദ്ദേഹത്തെ പുറത്താക്കില്ലന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

രാജസ്ഥാനില്‍ ഇതുപോലെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്ത ഒരു മന്ത്രി ഇപ്പോഴും മന്ത്രിസഭയില്‍ തുടരുകയാണ്. അവിടെ മുഖ്യമന്ത്രിയെ തന്നെ, കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്ത സംഭവവുമുണ്ടായി. മാത്രമല്ല,2011 – 16 കാലഘട്ടത്തില്‍ യു.ഡി.എഫ് കേരളം ഭരിക്കുമ്പോള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ നിരവധി മന്ത്രിമാരാണ് ചോദ്യം ചെയ്യലിന് വിധേയരായിരുന്നത്. ഉമ്മന്‍ചാണ്ടിക്കു പുറമെ, വ്യവസായ മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടി പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് ജലവിഭവ വകുപ്പ് മന്ത്രി പി.ജെ.ജോസഫ് എക്‌സൈസ് മന്ത്രി കെ.ബാബു, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്, വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്.ധനമന്ത്രിയായിരുന്ന കെ.എം മാണി എന്നിവരാണ് വിജിലന്‍സിന്റെ ചോദ്യം ചെയ്യലിന് വിധേയരായിരുന്നത്.

ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്ന് മാണി പിന്നീട് രാജി വെച്ചത് മാറ്റി നിര്‍ത്തിയാല്‍, മറ്റൊരു മന്ത്രിമാരും അക്കാലത്ത് രാജിവച്ചിരുന്നില്ല.അങ്ങനെ ചെയ്തിരുന്നു എങ്കില്‍, ആ സര്‍ക്കാര്‍ തന്നെ ഉണ്ടാകുമായിരുന്നു മില്ല.ഇതെല്ലാം മറച്ചു വച്ചാണ് യു.ഡി.എഫ് നേതൃത്വം ജലീലിന്റെ രാജിയിപ്പോള്‍ ആവശ്യപ്പെടുന്നത്. സി.പി.എം ചൂണ്ടിക്കാട്ടുന്നതും, നിലപാടിലെ ഈ പൊള്ളത്തരമാണ്.ജലീലിനോട് യു.ഡി.എഫിന്, ഇനിയും കെടാത്ത പകയാണുള്ളത്. മലപ്പുറം എന്ന മുസ്ലീം ലീഗിന്റെ കോട്ടയില്‍, ഇടതുപക്ഷം ഉണ്ടാക്കിയ വിള്ളലാണ് പകയുടെ അടിസ്ഥാനം.പി.കെ കുഞ്ഞാലിക്കുട്ടിയെ ലീഗ് ശക്തികേന്ദ്രത്തില്‍ തോല്‍പ്പിച്ചത് മുതല്‍, ജലീല്‍ ലീഗിന്റെ കൊടും ശത്രുവാണ്.ലീഗിന്റെ മറ്റൊരു കോട്ടയായ താനൂര്‍ മണ്ഡലം കൈവിട്ടതോടെ ഈ പക വര്‍ദ്ധിക്കുകയാണുണ്ടായത്. മലപ്പുറത്തെ ഇടതുപക്ഷത്തിന്റെ വളര്‍ച്ചക്ക് കെ.ടി ജലീല്‍ ഒരു ഘടകമാണെന്നാണ് മുസ്ലീം ലീഗ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ഏത് വിധേയനേയും അദ്ദേഹത്തെ വീഴ്ത്തുക എന്നത് ലീഗിന്റെ പ്രധാന അജണ്ടയാണ്. ഇതാണ് യു.ഡി.എഫ് പ്രക്ഷോഭത്തിലൂടെ മുസ്ലീം ലീഗ് ലക്ഷ്യമിടുന്നത്. മഞ്ചേശ്വരം എം.എല്‍.എ ഖമറുദ്ദീന്റെ തട്ടിപ്പുകള്‍ ന്യായീകരിക്കുന്ന പാര്‍ട്ടിയാണ് മുസ്ലീംലീഗ്.

ഖമറുദ്ദീനെതിരെ നടപടി എടുക്കാത്തവരാണ് ജലീലിനെതിരെ ഇപ്പോള്‍ നടപടി ആവശ്യപ്പെടുന്നത്. ഇതിന് കോണ്‍ഗ്രസ്സിന്റെയും ഉറച്ച പിന്തുണയുണ്ട്.പ്രതിപക്ഷ നേതൃസ്ഥാനത്ത് വലിയ പരാജയമായ ചെന്നിത്തല, നിലനില്‍പ്പിനായി ലീഗിന്റെ താളത്തിനൊത്താണ് നിലവില്‍ തുള്ളുന്നത്. യഥാര്‍ത്ഥത്തില്‍ മുസ്ലീം ലീഗ് കോണ്‍ഗ്രസ്സിനെ ഹൈജാക്ക് ചെയ്ത അവസ്ഥയാണിത്.2021 ലെ പൊതു തിരഞ്ഞെടുപ്പിന് മുന്‍പ് ജലീലിനെ വീഴ്ത്തിയിരിക്കും എന്ന ശപഥമാണ് യു.ഡി.എഫ് നേതാക്കള്‍ നടത്തിയിരിക്കുന്നത്.ശിവശങ്കറിലൂടെ മുഖ്യമന്ത്രിയെ കുരുക്കാന്‍ കഴിയില്ലന്ന് തിരിച്ചറിഞ്ഞ ബി.ജെ.പിയുടെ പരോക്ഷപിന്തുണയും ഈ നീക്കത്തിനിപ്പോള്‍ ലഭിക്കുന്നുണ്ട്. സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങളിലും ഇതു പ്രകടമാണ്.സ്വപ്ന കൂടി കൈവിട്ടാല്‍,2021ലെ ‘സ്വപ്നവും’ തകരുമെന്ന ഭീതിയിലാണിപ്പോള്‍ യു.ഡി.എഫ് നേതൃത്വം.

Top