കുഞ്ഞാലിയുടെ കുടുംബത്തോട് സി.പി.എം നീതികാട്ടിയോ ? സൈനബ വിടപറയുമ്പോൾ. .

kunjali

മലപ്പുറം: ഏറനാടിന്റെ രക്തനക്ഷത്രം സഖാവ് കുഞ്ഞാലിയുടെ ഭാര്യ സൈനബ വിടപറയുമ്പോള്‍ ഓര്‍മ്മയാകുന്നത് പോരാട്ടവും സഹനവും ഇതള്‍ വിരിഞ്ഞ ജീവിതം. നാടകാചാര്യന്‍ കെ.ടി മുഹമ്മദിന്റെ ഇളയ സഹോദരി സൈനബക്ക് സഖാവ് കുഞ്ഞാലിയുടെ വിവാഹാലോചന കൊണ്ടുവന്നത് നിലമ്പൂര്‍ ബാലനും സി.പി.ഐ നേതാവായിരുന്ന നടുക്കണ്ടി മുഹമ്മദുമായിരുന്നു. കോഴിക്കോട്ടെ വീട്ടിലെ നാടക ചര്‍ച്ചക്കിടെയാണ് കെ.ടി ഇളയസഹോദരിക്കൊരു പുതിയാപ്ലയെ വേണമെന്നു പറഞ്ഞത്. മിടുക്കനായൊരു കമ്യൂണിസ്റ്റ് നേതാവുണ്ട് പെങ്ങളെ അദ്ദേഹത്തിനു വിവാഹം ചെയ്തുകൊടുക്കുമോ എന്ന് നിലമ്പൂര്‍ ബാലന്‍ ചോദ്യമെറിഞ്ഞു. കുഞ്ഞാലിയാണ് പുതിയാപ്ലയെന്നറിഞ്ഞപ്പോള്‍ കെ.ടിക്ക് പെരുത്തു സന്തോഷം.

അക്കാലത്ത് കെ.ടിക്ക് ആരാധനതോന്നിയ രണ്ട് കമ്യൂണിസ്റ്റ് നേതാക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എ.കെ.ജിയും സഖാവ് കുഞ്ഞാലിയും. കേട്ടറിഞ്ഞ സഖാവിനെ സൈനബക്കും ഇഷ്ടമായി. 1961 മെയ് 16നായിരുന്നു വിവാഹം. നാടക ചര്‍ച്ചകകളും ആള്‍ത്തിരക്കുമുള്ള കോഴിക്കോട് നഗരത്തിലെ വീട്ടില്‍ നിന്നും കിഴക്കനേറനാട്ടിലെ ഉള്‍ഗ്രാമമായ കാളികാവിലെ കുഞ്ഞാലിയുടെ വീട്ടിലെ ജീവിതം സൈനബക്ക് പുതിയ അനുഭവമായിരുന്നു. പൊതുപ്രശ്‌നങ്ങള്‍ കഴിഞ്ഞ് സഖാവിനെ സൈനബക്ക് തനിച്ചു കിട്ടിയിരുന്നത് കുറച്ചുസമയം മാത്രമായിരുന്നു.

എട്ടു വര്‍ഷം മാത്രമായിരുന്നു ആ ദാമ്പത്യത്തിന്റെ ആയുസ്. അതില്‍ ഒന്നര വര്‍ഷക്കാലം കുഞ്ഞാലി ജയിലിലായിരുന്നു. കുഞ്ഞാലിയുടെ ഉമ്മയും പാര്‍ട്ടിക്കാരുമായിരുന്നു രണ്ടു കൈക്കുഞ്ഞുങ്ങളുണ്ടായിരുന്ന സൈനബക്ക് അന്ന് തുണ. ജയിലില്‍ കിടന്ന് മത്സരിച്ച് നിലമ്പൂരിന്റെ എം.എല്‍.എയായാണ് കുഞ്ഞാലി പുറത്തിറങ്ങിയത്. തിരക്കുകള്‍ക്കിടയിലും മൈസൂരിലേക്കു യാത്രപോയും തൃശൂര്‍ പൂരം കാണിച്ചും കുടുംബത്തോടൊപ്പം സഖാവ് ചെലവഴിച്ച സ്‌നേഹനിമിഷങ്ങള്‍ സൈനബയുടെ ഓര്‍മ്മകളില്‍ നിറഞ്ഞിരുന്നു.

രാഷ്ട്രീയ എതിരാളികളും ഭീഷണിയും വര്‍ധിച്ചപ്പോള്‍ നിങ്ങള്‍ പോയാല്‍ ഞാനും കുഞ്ഞുങ്ങളുമെന്ന് സൈനബ ഭീതി പങ്കുവെച്ചിരുന്നു. മരിക്കുന്നത് പോലും എന്റെ ഭാര്യ എന്ന നിലയില്‍ നിനക്ക് അഭിമാനകരമായി തീരുന്ന നിലയിലായിരിക്കുമെന്നായിരുന്നു സഖാവിന്റെ പുഞ്ചിരിയോടെയുള്ള മറുപടി.

1969 ജൂലൈ 26ന് ചുള്ളിയോട്ട് വച്ച് വെടിയേറ്റു വീഴുമ്പോള്‍ കുഞ്ഞാലി നിലമ്പൂരിന്റെ എം.എല്‍.എയായിരുന്നു. അന്ന് സൈനബക്ക് 27വയസ്. ഉപതെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ നിന്നും മത്സരിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിച്ചപ്പോള്‍ സൈനബ അത് നിരസിച്ച് പറക്കമുറ്റാത്ത നാലു കുഞ്ഞുങ്ങളെ വളര്‍ത്താനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു.

വെടിയേറ്റുമരിക്കുന്ന ആദ്യ എം.എല്‍.എയും രക്തസാക്ഷിയുമായി കുഞ്ഞാലി മാറിയെങ്കിലും കുഞ്ഞാലിയുടെ കുടുംബത്തോട് പാര്‍ട്ടി നീതി ചെയ്‌തോ എന്ന ചോദ്യം ഇപ്പോഴും പഴമക്കാരുടെ മനസില്‍ മുഴങ്ങുന്നുണ്ട്. രക്തസാക്ഷിയായ എം.എല്‍.എയെന്നപേരില്‍ പാര്‍ട്ടി ഫണ്ടു പിരിവും സഹായവും ആദ്യഘട്ടത്തിലുണ്ടായെങ്കിലും പിന്നെ പാര്‍ട്ടി ഇവരെ മറന്നു. കെ.ടി മുഹമ്മദിന്റെ തണലിലായിരുന്നു സൈനബയുടെയും കുഞ്ഞാലിയുടെ മക്കളുടെയും ജീവിതം.

കുഞ്ഞാലി വെടിയേറ്റു മരിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിനെ കൊലയാളിയെന്നു വിളിച്ച പാര്‍ട്ടി അതേ ആര്യാടനെ നിലമ്പൂരില്‍ പാര്‍ട്ടി പിന്തുണയില്‍ മത്സരിപ്പിച്ച് വിജയിപ്പിച്ച് ആര്യാടാ നേതാവേ എന്നു വിളിച്ചു. നായനാര്‍ സര്‍ക്കാരില്‍ മന്ത്രിയുമാക്കി. രാഷ്ട്രീയ നേട്ടത്തിനായി പാര്‍ട്ടി അടവുനയങ്ങള്‍ പലതും പയറ്റിയപ്പോഴും പരാതികളും പരിഭവവും പറയാതെ സൈനബ കോഴിക്കോട്ട് മക്കള്‍ക്കൊപ്പം കഴിയുകയായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്നലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോട് കണ്ണംപറമ്പില്‍ ഖബറടക്കി.

Top