കുഞ്ഞാലിക്കുട്ടിയും വഹാബും മുസ്ലീം ലീഗിന് വേങ്ങരയിൽ നൽകിയത് . . ‘എട്ടിന്റെ പണി’

മലപ്പുറം: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടിയും പി.വി അബ്ദുല്‍വഹാബ് എം.പിയും വോട്ടു ചെയ്യാതിരുന്നത് വേങ്ങരയിലെ ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ആയുധമാക്കി ഇടതുപക്ഷം.

കേരളത്തില്‍ നിന്നുള്ള ഇടതുപക്ഷ എം.പിമാരും കോണ്‍ഗ്രസ്സ് എം.പിമാരും തലേദിവസം തന്നെ ഡല്‍ഹിയില്‍ തങ്ങി ബി.ജെ.പി സ്ഥാനാര്‍ത്ഥി വെങ്കയ്യനായിഡുവിനെതിരെ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ ഗോപാല്‍കൃഷ്ണഗാന്ധിക്ക് വോട്ടു ചെയ്തപ്പോള്‍ കുഞ്ഞാലിക്കുട്ടിയും വഹാബും വിമാനം വൈകിയെന്നു പറഞ്ഞ് വോട്ടു ചെയ്യാതിരുന്നത് ബി.ജെ.പി കേന്ദ്ര നേതൃത്വവുമായുണ്ടാക്കിയ അടവുനയമാണെന്നാണ് സി.പി.എം പ്രചരണം.

കോഴിക്കോടു നിന്നും മുംബൈ വഴി ഡല്‍ഹിക്കുള്ള വിമാനം തിരഞ്ഞെടുത്തതും ബി.ജെ.പിയുമായുള്ള ധാരണപ്രകാരമാണെന്നാണ് ഇടതുകേന്ദ്രങ്ങളുടെ ആരോപണം.

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ തലേദിവസം തന്നെ ഡല്‍ഹിയിലെത്താന്‍ കോണ്‍ഗ്രസ്സും ഇടതുപക്ഷമടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും എം.പിമാരോട് ആവശ്യപ്പെട്ടിരുന്നു.

കേരളത്തില്‍ നിന്നും കുഞ്ഞാലിക്കുട്ടിയും വഹാബും ഒഴികെ മുഴുവന്‍ എം.പിമാരും പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം തലേദിവസം തന്നെ ഡല്‍ഹിയില്‍ എത്തി കൃത്യസമയത്ത് വോട്ടു ചെയ്തു.

എന്നാല്‍ വിമാനം നാലു മണിക്കൂര്‍ വൈകിയത് ഗൂഢാലോചനയാണെന്നാരോപിച്ച് കുഞ്ഞാലിക്കുട്ടിയും വഹാബും വ്യോമയാനമന്ത്രിക്കു പരാതി നല്‍കിയെങ്കിലും ഇത് കോണ്‍ഗ്രസ്സ് ഹൈക്കമാന്റും ഇടതുപാര്‍ട്ടികളും പോലും വിശ്വാസത്തിലെടുത്തിരുന്നില്ല.

പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവാണ് പി.കെ കുഞ്ഞാലിക്കുട്ടി, വഹാബാകട്ടെ ഗള്‍ഫ് രാജ്യങ്ങളിലടക്കം കോടികളുടെ ബിസിനസുള്ള നേതാവും. ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ പിണക്കാതിരിക്കാനാണ് ഇരുവരം വിമാനം വൈകിയെന്ന ന്യായീകരണവുമായി വോട്ടു ചെയ്യാതിരുന്നതെന്ന ഇടത് ആരോപണം വേങ്ങരയില്‍ കോണ്‍ഗ്രസ്സുകാര്‍ക്കിടയില്‍ ഏശുമോ എന്ന ഭീതിയിലാണ് ലീഗ് നേതൃത്വം.

റിപ്പോര്‍ട്ട് : എം വിനോദ്

Top