കണ്‍മണിക്ക് പേരിട്ട് ചാക്കോച്ചന്‍; ജൂനിയര്‍ കുഞ്ചാക്കോ ഇനി അറിയപ്പെടുന്നത് ഈ പേരില്‍

കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമായ കുഞ്ചാക്കോ ബോബന് ആണ്‍കുഞ്ഞു പിറന്നെന്ന വാര്‍ത്ത വളരെ സന്തോഷത്തോടെയാണ് ആരാധകര്‍ കേട്ടത്. കുഞ്ഞു പിറന്നെന്ന വാര്‍ത്ത പുറത്തു വന്ന നാള്‍ മുതല്‍ കുഞ്ഞിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ അറിയാന്‍ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരുന്നത്.

തങ്ങളുടെ പ്രിയപ്പെട്ട ജൂനിയര്‍ കുഞ്ചാക്കോയ്ക്ക് കുഞ്ചാക്കോ ബോബനും പ്രിയയും എന്ത് പേരാണ് ഇടാന്‍ പോകുന്നെന്ന അന്വേഷണത്തിലായിരുന്നു പലരും. പതിനാലു വര്‍ഷം കാത്തിരുന്നു കിട്ടിയ കണ്‍മണി ആയതിനാല്‍ തന്നെ അത്തരത്തില്‍ സസ്‌പെന്‍സ് നിറഞ്ഞ പേരാകും കുഞ്ചാക്കോയും പ്രിയയും കുഞ്ഞിന് നല്‍കുക എന്നാണ് പലരും പറഞ്ഞിരുന്നത്. ഇപ്പോള്‍ ഇതാ ആരാധകരുടെ ആകാംക്ഷയ്ക്ക് അറുതി വരുത്തി തന്റെ കണ്‍മണിയുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍ ഇപ്പോള്‍.

അടുത്തിടെ നടന്ന ഒരു അവാര്‍ഡ് ചടങ്ങില്‍ വെച്ചായിരുന്നു കുഞ്ചാക്കോ ബോബന്‍ ഇക്കാര്യം അറിയിച്ചിരുന്നത്. മകന് പേരിട്ടോ എന്ന് യേശുദാസ് ചോദിച്ചപ്പോള്‍ ആണ് തന്റെ പേര് തിരിച്ചിട്ടാല്‍ മകന്റെ പേരായി എന്ന് ചാക്കോച്ചന്‍ പറഞ്ഞത്. ബോബന്‍ കുഞ്ചാക്കോ എന്നാണ് നടന്‍ മകന് പേരിട്ടിരിക്കുന്നത്.

ഏപ്രില്‍ 17 ന് രാത്രിയോടൊയായിരുന്നു പ്രിയ ജൂനിയര്‍ ചാക്കോച്ചന് ജന്മം നല്‍കിയത്. ചാക്കോച്ചന്‍ തന്നെയാണ് ഈ സന്തോഷ വിവരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നത്. മകന്റെ കുഞ്ഞിക്കാലുകളുടെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് അച്ഛനായ സന്തോഷം താരം പങ്കുവെച്ചത്. നീണ്ട 14 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഒരു കുഞ്ഞ് പിറക്കുന്നത്. 2005 ഏപ്രിലില്‍ ആയിരുന്നു ഇരുവരുടെയും വിവാഹം.

Top