kunjakka and bavooty helping to kunjappa : malappuram heading aaryadanmar

മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ കുഞ്ഞാപ്പയുടെ വിജയത്തിനായി വിയര്‍പ്പൊഴുക്കി കോണ്‍ഗ്രസിന്റെ കുഞ്ഞാക്കയും ബാപ്പുട്ടിയും. കുഞ്ഞാലിക്കുട്ടിക്ക് വോട്ടു തേടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കുഞ്ഞാക്കയെന്നു വിളിക്കുന്ന ആര്യാടന്‍ മുഹമ്മദും ബാപ്പുട്ടിയെന്നു വിളിക്കുന്ന ആര്യാടന്‍ ഷൗക്കത്തുമാണ് പ്രചരണരംഗത്ത് സജീവസാന്നിധ്യമാകുന്നത്.

മലപ്പുറത്തു നിന്നും പാര്‍ലമെന്റിലേക്ക് കുഞ്ഞാലിക്കുട്ടി കന്നിയങ്കം കുറിക്കുമ്പോള്‍ ഇടഞ്ഞുനില്‍ക്കുന്ന കോണ്‍ഗ്രസുകാരെ മെരുക്കി പ്രചരണരംഗത്ത് സജീവമാക്കുന്നത് ആര്യാടനാണ്. ലീഗുമായി ഇടഞ്ഞ് സി.പി.എമ്മുമായി സഹകരിച്ച് കോണ്‍ഗ്രസ് ഭരിക്കുന്ന കൊണ്ടോട്ടി നഗരസഭയിലും മുന്നണി ബന്ധം വഷളായ ചീക്കോട്ടും കണ്ണമംഗലത്തുമെല്ലാം ഓടിയെത്തി കോണ്‍ഗ്രസുകാരെ രംഗത്തിറക്കാന്‍ ആര്യാടനുണ്ട്.

മലപ്പുറത്ത് ലീഗണികള്‍ക്ക് കുഞ്ഞാലിക്കുട്ടി കുഞ്ഞാപ്പയാണെങ്കില്‍ കോണ്‍ഗ്രസുകാര്‍ക്ക് ആര്യാടന്‍ കുഞ്ഞാക്കയാണ്. കുഞ്ഞാക്ക പറഞ്ഞാല്‍ കോണ്‍ഗ്രസുകാര്‍ക്ക് മറുവാക്കില്ല. കണ്‍വന്‍ഷനുകളിലും കുടുംബയോഗങ്ങളും കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം കൂട്ടേണ്ടത് കോണ്‍ഗ്രസുകാരുടെ കടമയാണെന്നാണ് ആര്യാടന്‍ പറയുന്നത്.

ആര്യാടന്റെ മകനും നിലമ്പൂര്‍ നഗരസഭയുടെ മുന്‍ ചെയര്‍മാനുമായ ആര്യാടന്‍ ഷൗക്കത്താണ് കുഞ്ഞാലിക്കുട്ടിയുടെ പ്രചരണയോഗങ്ങളിലെ
തീപ്പൊരി പ്രാസംഗികന്‍. ആനക്കയം പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് പ്രചരണ ചുമതലയും ഷൗക്കത്തിനാണ്. മറ്റു പഞ്ചായത്തുകളിലെല്ലാം യു.ഡി.എഫ് എം.എല്‍.എമാര്‍ക്ക് ചുമതലകൊടുത്തപ്പോഴാണ് ആനക്കയത്ത് ആര്യാടന്‍ ഷൗക്കത്തിനെ നേതൃത്വമേല്‍പ്പിച്ചത്. ആര്യാടനും കോണ്‍ഗ്രസും അരയും തലയും മുറുക്കുമ്പോള്‍ യു.ഡി.എഫില്‍ പതിവില്ലാത്ത ഐക്യമാണുള്ളത്.

മുസ്ലീം ലീഗിന്റെ ഹൈക്കമാന്റായ മലപ്പുറത്ത് ലീഗ് സി.പി.എമ്മിനേക്കാള്‍ ഭയക്കുന്നത് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ വാക്കുകളെയാണ്. പലപ്പോഴും ആര്യാടനും ലീഗുനേതൃത്വവും കൊമ്പുകോര്‍ക്കുമ്പോഴാണ് കോണ്‍ഗ്രസ്, ലീഗ് അണികള്‍ ഊര്‍ജ്ജസ്വലരാകാറ്.

1980ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ നിന്നും ഇടതുമുന്നണി പിന്തുണയോടെ മത്സരിച്ച് ലീഗിനെ വെള്ളം കുടിപ്പിച്ചതാണ്
ആര്യാടന്‍. ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് ലീഗ് വിജയിച്ചിരുന്ന മണ്ഡലത്തില്‍ ലീഗിന്റെ ഭൂരിപക്ഷം അരലക്ഷമായികുറക്കാന്‍ ആര്യാടന് കഴിഞ്ഞു.

1977ല്‍ ജി.എം ബനാത്ത് വാല 1,17542 വോട്ടിന് വിജയിച്ച പൊന്നായിയില്‍ 1980ല്‍ ബനാത്ത് വാലക്ക് 50863 വോട്ടിന്റെ ഭൂരിപക്ഷമേ ലഭിച്ചുള്ളൂ. എ.കെ ആന്റണിയും ആര്യാടനും ഇടതുബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയശേഷം 1984ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബനാത്ത്വാല ഭൂരിപക്ഷം 102326 ആയി ഉയര്‍ത്തുകയും ചെയ്തു. അന്ന് മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് കൊളാടി ഗോവിന്ദന്‍കുട്ടിയായിരുന്നു ഇടതുമുന്നണി സ്ഥാനാര്‍ത്ഥി.

നിലപാടെടുക്കുമ്പോള്‍ മുഖംനോക്കാത്ത ആര്യാടന്‍ പക്ഷേ പി.കെ കുഞ്ഞാലിക്കുട്ടിയുമായി സൗമ്യമായ ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. കൊരമ്പയില്‍ അഹമ്മദ്ഹാജിയും ഇ.ടി മുഹമ്മദ്ബഷീറും കെ.പി.എ മജീദുമായി കൊമ്പുകോര്‍ക്കുമ്പോഴും കുഞ്ഞാലിക്കുട്ടിയുമായി ആര്യാടന്‍
ഒരിക്കലും ഇടഞ്ഞിരുന്നില്ല.

ആര്യാടന് മറുപടി നല്‍കാന്‍ ഞാനില്ലെന്ന് പറഞ്ഞ് കുഞ്ഞാലിക്കുട്ടിയും വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ് പതിവ്. മലപ്പുറത്ത്
പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്‌-ലീഗ് ബന്ധം വഷളാകുമ്പോള്‍ ഒന്നിച്ചിരുന്ന് പരിഹാരം കാണുന്നത് കുഞ്ഞാലിക്കുട്ടിയും ആര്യാടനുമാണ്. ഈ ബന്ധമാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിലെ ഐക്യത്തിലും നിഴലിക്കുന്നത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്റണിയും കോണ്‍ഗ്രസ് നേതാക്കളുമെല്ലാം കൂട്ടത്തോടെ മലപ്പുറത്തെത്തിയിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ 15 ദിവസമായി മലപ്പുറത്ത് പര്യടനത്തിലാണ്. ഓരോ പഞ്ചായത്തുകളിലെയും കുടുംബയോഗങ്ങളില്‍ ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യമുണ്ട്. മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍, ആക്ടിങ് പ്രസിഡന്റ് എം.എം ഹസന്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ എന്നിവരെല്ലാം സജീവമാണ്.

Top