കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേയ്ക്ക്; ലോകസഭാംഗത്വം രാജി വയ്ക്കും

ന്യൂഡല്‍ഹി: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അനുമതി ലഭിച്ചതോടെ പി കെ കുഞ്ഞാലിക്കുട്ടി ഇന്ന് ലോക സഭാംഗത്വം രാജിവയ്ക്കും. രാജി സമര്‍പ്പിക്കാനായി കുഞ്ഞാലിക്കുട്ടി ഡല്‍ഹിയിലേക്ക് പോയിട്ടുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാന്‍ കുഞ്ഞാലിക്കുട്ടി ലോകസഭയില്‍ നിന്ന് രാജിവയ്ക്കുമെന്ന് മുസ്ലീം ലീഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. ജനുവരിയില്‍ രാജി വെക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പും നടത്തുക എന്ന ലക്ഷ്യത്തോടെ രാജി മാറ്റിവെക്കുകയായിരുന്നു.

അതേസമയം, പി വി അബ്ദുള്‍ വഹാബുമായി അഭിപ്രായ വ്യത്യാസമില്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. നിയമസഭ തെരഞ്ഞെടുപ്പില്‍ ലീഗിനെ നയിക്കുന്നത് കുഞ്ഞാലിക്കുട്ടി തന്നെയായിരിക്കും. ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറത്തേക്ക് യുവനേതാക്കളെ പരിഗണിക്കുമെന്നാണ് അവകാശവാദം. യുഡിഎഫ് ഘടകക്ഷികള്‍ക്കിടയിലെ സ്വീകാര്യതയും സ്വാധീനവും പരിഗണിച്ചാണ് കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ച് കൊണ്ട് വരുന്നതെന്നാണ് പാര്‍ട്ടി വിശദീകരണം.

2019ല്‍ കേന്ദ്രമന്ത്രിപദം പ്രതീക്ഷിച്ചാണ് കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിലേക്ക് മല്‍സരിച്ചത്. എന്നാല്‍ യുപിഎ വന്‍ പരാജയമാണ് ദേശീയതലത്തില്‍ ഏറ്റുവാങ്ങിയത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ചുമതല കുഞ്ഞാലിക്കുട്ടിക്ക് പാര്‍ട്ടി നല്‍കിയതോടെ അദ്ദേഹത്തിന്റെ തിരിച്ചുവരവ് വ്യക്തമായിരുന്നു. നീക്കത്തില്‍ കടുത്ത വിമര്‍ശനമാണ് എതിര്‍ ചേരികളില്‍ നിന്ന് ഉയര്‍ന്നതെങ്കിലും ഇത് വകവയ്ക്കാതെ മുന്നോട്ട് പോകാനാണ് ലീഗ് തീരുമാനം.

 

Top