മലപ്പുറത്ത് വീണ്ടും അട്ടിമറി നടക്കുമോ ? ചങ്കിടിച്ച് മുസ്ലീം ലീഗും കോൺഗ്രസ്സും

രുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് നിന്നും കുഞ്ഞാലിക്കുട്ടി വീണ്ടും മത്സരിക്കുമോ ? മുത്തലാഖ് വിവാദത്തില്‍ സംസ്ഥാന രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഉയരുന്ന ചോദ്യമാണിത്.

കുഞ്ഞാലിക്കുട്ടി മത്സരിച്ചാല്‍ 2004 ആവര്‍ത്തിക്കും എന്ന് സി.പി.എം അണികളും തുറന്നടിക്കുന്നു. 14-ാം ലോകസഭ തിരഞ്ഞെടുപ്പില്‍ അന്ന് മഞ്ചേരി ലോകസഭ മണ്ഡലമായി അറിയപ്പെട്ടിരുന്ന ഇവിടെ നിന്നും ടി.കെ.ഹംസയാണ് ചെങ്കൊടി പാറിച്ചത്. 47, 743 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അന്ന് ഹംസ കെപിഎ മജീദിനെ തോല്‍പ്പിച്ചത്. 1957 മുതലുള്ള മഞ്ചേരിയുടെ തെരഞ്ഞെടുപ്പ് ചരിത്രം ഇതോടെ തിരുത്തിയെഴുതി.

1999- ല്‍ ഇ അഹമ്മദ് 1,23,411 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലത്തില്‍ ആദ്യമായി മുസ്ലീംലീഗിന് അടിപതറിയത് അന്നായിരുന്നു. അതേ മഞ്ചേരിയില്‍ ചില മണ്ഡലങ്ങള്‍ കൂട്ടിച്ചേര്‍ത്തും ചിലത് ഒഴിവാക്കിയുമാണ് 2009-ല്‍ മലപ്പുറം മണ്ഡലം രൂപീകരിച്ചത്.

മുസ്ലീംലീഗ് കോട്ടയില്‍ ചെങ്കൊടി പാറിയതില്‍ ഞെട്ടിയ ലീഗ് നേതാക്കള്‍ക്ക് ഫലപ്രഖ്യാപനം വന്നപ്പോള്‍ ബോധക്ഷയം ഉണ്ടായി എന്നതും ചരിത്രമാണ്.

മുസ്ലീം സമുദായത്തിന്റെ വൈകാരിക പ്രശ്നമായ മുത്തലാഖ് വോട്ടെടുപ്പ് വേളയില്‍ പാര്‍ലമെന്റില്‍ നിന്നും വിട്ടു നിന്ന കുഞ്ഞാലിക്കുട്ടിയുടെ നടപടി ലീഗിനെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമില്ലാത്തവരെ പാര്‍ലമെന്റിലേക്ക് അയച്ചത് വലിയ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി മന്ത്രി കെ.ടി.ജലീല്‍ തന്നെ കുഞ്ഞാലിക്കുട്ടിക്കെതിരെ പോര്‍മുഖം തുറന്നു കഴിഞ്ഞു. കുഞ്ഞാലിക്കുട്ടി ഹാജരാവാത്തത് സമുദായ വഞ്ചനയാണെന്ന് ഐ.എന്‍.എല്ലും ആരോപിക്കുന്നു.

എന്‍.ഡി.എ സര്‍ക്കാര്‍ അവതരിപ്പിച്ച മുത്തലാഖ് ബില്‍ ചര്‍ച്ച നടക്കുമ്പോള്‍ അടുത്ത ബന്ധുവിന്റെ കല്യാണ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

മുസ്ലീം സമുദായത്തോട് ലീഗ് ചെയ്ത അപരാധമാണ് കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യത്തിലൂടെ വ്യക്തമാകുന്നതെന്നാണ് കെ.ടി.ജലീല്‍ ആരോപിക്കുന്നത്. ബന്ധു നിയമന വിവാദത്തില്‍ ജലീലിനെതിരെ പട നയിക്കുന്ന മുസ്ലീം ലീഗിന് ഓര്‍ക്കാപ്പുറത്ത് ലഭിച്ച തിരിച്ചടിയാണ് കുഞ്ഞാലിക്കുട്ടി വിവാദം.

മലപ്പുറം, പൊന്നാനി ലോകസഭ മണ്ഡലങ്ങള്‍ കുത്തകയാക്കി വച്ച ലീഗിന്റെ അടിവേര് ഇളകുന്ന തരത്തിലേക്ക് മുത്തലാഖ് വിവാദം പടരുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.

എപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാലും നിഷ്പ്രയാസം ചരിത്ര ഭൂരിപക്ഷത്തില്‍ വിജയിക്കും എന്ന് ലീഗ് നേതൃത്വം അവകാശപ്പെടുന്ന രണ്ടു മണ്ഡലങ്ങളാണ് മലപ്പുറവും പൊന്നാനിയും.

വേങ്ങര എം.എല്‍.എ പദവിയില്‍ നിന്നും ഒഴിഞ്ഞാണ് ലോകസഭ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മത്സരിച്ചത്. വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടിക്ക് 72,181 വോട്ട് ലഭിച്ചപ്പോള്‍ 34,124 വോട്ട് മാത്രമാണ് പി.പി ബഷീറിന് ലഭിച്ചിരുന്നത്.

സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ താല്‍പ്പര്യം ഇല്ലാതിരുന്നിട്ടും ഇ.അഹമ്മദ് അന്തരിച്ചതോടെ മത്സരിക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.
1,94,739 വോട്ടുകളുടെ ഭൂരിപക്ഷമാണ് മണ്ഡലത്തില്‍ ഇ അഹമ്മദ് നേടിയിരുന്ന മണ്ഡലത്തില്‍ 1,71,023 വോട്ടിന്റെ ഭൂരിപക്ഷമാണ് കുഞ്ഞാലിക്കുട്ടി നേടിയത്.

മുത്തലാഖ് ചര്‍ച്ചയില്‍ എന്തുകൊണ്ട് കുഞ്ഞാലിക്കുട്ടി പങ്കെടുത്തില്ല എന്ന അണികളുടെ ചോദ്യത്തിനു മുന്നില്‍ ലീഗ് നേതൃത്വത്തിന് മറുപടി ഇല്ലാത്ത സാഹചര്യമാണ് നിലവില്‍.

muslim league

സ്ത്രീ സമത്വത്തിന്റെ പേരില്‍ മുത്തലാഖ് ബില്‍ കൊണ്ടുവന്ന ബി.ജെ.പിക്ക് ശബരിമലയുടെ കാര്യത്തില്‍ ആ നിലപാട് ഇല്ലാത്തതിനെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ചോദ്യം ചെയ്യുന്നു. ഇതോടെ മുത്തലാഖ് വിഷയം ദേശീയ-സംസ്ഥാന രാഷ്ട്രീയ മേഖലയില്‍ കത്തിപ്പടരുകയാണ്.

മലപ്പുറം ജില്ലയിലെ 4 നിയമസഭ മണ്ഡലങ്ങള്‍ കൈവശമുള്ള ഇടതുപക്ഷത്തെ സംബന്ധിച്ച് ലോകസഭ സീറ്റിലും ചില പ്രതീക്ഷകള്‍ പുതിയ സംഭവ വികാസങ്ങള്‍ നല്‍കുന്നുണ്ട്. വീണ്ടും കുഞ്ഞാലിക്കുട്ടി തന്നെ ലോകസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ കടുത്ത മത്സരം നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്.

പൊന്നാനിയില്‍ നിന്നും കെ.ടി.ജലീലിനെ ഇ.ടി.മുഹമ്മദ് ബഷീറിനെതിരായി മത്സരിപ്പിക്കും എന്ന അഭ്യൂഹത്തിനിടെയാണ് ജലീലിനെതിരെ ആരോപണം ഉയര്‍ന്നത്. ഇത് ലീഗും കോണ്‍ഗ്രസ്സും ഏറ്റെടുത്തതും ജലീല്‍ പേടിയില്‍ തന്നെ ആയിരുന്നു.

എന്നാല്‍ മുത്തലാഖ് വിവാദത്തോടെ ഇപ്പോള്‍ തിരിച്ച് വെട്ടിലായിരിക്കുന്നത് യു.ഡി.എഫും ലീഗുമാണ്. കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റില്‍ നിന്നും വിട്ട് നിന്നത് ശരിയായില്ല എന്ന നിലപാടാണ് നേതാക്കള്‍ക്കും അണികള്‍ക്കും ഇടയില്‍ ഉള്ളത്.

Top