കുഞ്ഞാലിക്കുട്ടിയുടെ ദൗത്യം പാളി, യു.ഡി.എഫിനെതിരെ ക്രൈസ്തവ സഭ

വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയിലാണിപ്പോള്‍ യു.ഡി.എഫ് നേതൃത്വം. തദ്ദേശ തിരഞ്ഞെടുപ്പില്‍ മധ്യ തിരുവതാംകൂറില്‍ ഏറ്റ തിരിച്ചടി മറികടക്കാന്‍ പി.കെ കുഞ്ഞാലിക്കുട്ടിയെ രംഗത്തിറക്കിയത് തന്നെ കോണ്‍ഗ്രസ്സാണ്. സകല അരമനകളിലും കയറി ഇറങ്ങി കുഞ്ഞാലിക്കുട്ടി ചര്‍ച്ച നടത്തി കൊണ്ടിരിക്കവെ അപ്രതീക്ഷിത പ്രതികരണമാണ് ക്രൈസ്തവ സംഘടനകളില്‍ നിന്നും ഇപ്പോള്‍ യു.ഡി.എഫിനെതിരെ ഉണ്ടായികൊണ്ടിരിക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയാണ് ആദ്യ പരസ്യ പ്രതികരണം നടത്തിയിരിക്കുന്നത്. രൂപതയുടെ പ്രസിദ്ധീകരണമായ സത്യ ദീപത്തിലൂടെയാണ് വിമര്‍ശനം.

കോണ്‍ഗ്രസ് ലീഗിന് കീഴടങ്ങിയെന്നും യുഡിഎഫ്-വെല്‍ഫയര്‍ പാര്‍ട്ടി ബന്ധത്തിലൂടെ മുന്നണിയുടെ മതനിരപേക്ഷ മുഖം നഷ്ടപ്പെട്ടുവെന്ന വികാരമാണ് ആളുകള്‍ക്ക് ഉള്ളതെന്നുമാണ് ആരോപണം., തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ തോല്‍വിക്ക് അക്കമിട്ട് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സഭാ പ്രസിദ്ധീകരണത്തിന്റെ വിമര്‍ശനം. യുഡിഎഫിന്റെ മതനിരപേക്ഷ മുഖം നഷ്ടമായി എന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടായത് കൊണ്ടാണ് ഇടതുമുന്നണിക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതെന്നും ‘സത്യദീപം’ എഡിറ്റോറിയലില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പി.കെ.കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് എത്തുന്നതോടെ യുഡിഎഫിന്റെ ലീഗ് ‘ഗ്രഹണം’ പൂര്‍ണമാകുമെന്നാണ് മറ്റൊരു നിരീക്ഷണം.

ജയ് ശ്രീറാം ബാനര്‍ ഉയര്‍ത്തിയതോടെ കേരളത്തിലെ ബിജെപിയുടെ മതേതര ‘മമത’ കാപട്യമാണെന്ന് തെളിഞ്ഞതായും സഭ മുഖപത്രം തുറന്നിടച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് അടക്കമുള്ള ആരോപണങ്ങള്‍ ഫലപ്രദമായി പ്രതിരോധിക്കാന്‍ സിപിഎമ്മിനായെന്നും ക്ഷേമ പെന്‍ഷന്‍, ഭക്ഷ്യകിറ്റ്, കോവിഡ് പ്രതിരോധം തുടങ്ങിയ കാര്യങ്ങളിലൂടെ ജനങ്ങള്‍ക്ക് ഒപ്പമുള്ള സര്‍ക്കാരാണ് ഇതെന്ന് തെളിയിക്കാന്‍ എല്‍ഡിഎഫിനായതായും എഡിറ്റോറിയലില്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. പ്രചരണമടക്കം മാധ്യങ്ങള്‍ക്ക് വിട്ടുനല്‍കി മാറി നിന്നവരായാണ് യു.ഡി.എഫിനെ സഭ മുഖപത്രം ചിത്രീകരിച്ചിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിയെ യു.ഡി.എഫ് ഏല്‍പ്പിച്ച ദൗത്യം പാളിയതായാണ് സഭയുടെ ഈ പ്രതികരണത്തിലൂടെ ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.

എറണാകുളം – അങ്കമാലി അതിരൂപതയാണ് നിലവില്‍ പരസ്യമായി രംഗത്ത് വന്നതെങ്കിലും മിക്ക അതിരൂപതകള്‍ക്കും ഇതേ അഭിപ്രായം തന്നെയാണുള്ളതെന്നാണ് സൂചന. കോണ്‍ഗ്രസ്സ് – ലീഗ് നേതൃത്വത്തെ മാത്രമല്ല ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസ്സിനെയും സഭകളുടെ ഈ നിലപാട് ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. ജോസ് കെ മാണി വിഭാഗത്തിന് എതിരായ നിലപാട് സ്വീകരിക്കുന്ന ക്രൈസ്തവ വിഭാഗം പോലും യു.ഡി.എഫിനെ കൈവിടുന്നതിനെ രാഷ്ട്രീയ നിരീക്ഷകരും അത്ഭുതത്തോടെയാണ് നോക്കി കാണുന്നത്. മുസ്ലീംലീഗിന്റെ അപ്രമാധിത്വം ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് ക്രൈസ്തവ സംഘടനകള്‍. ക്രൈസ്തവ വോട്ടുകള്‍ ലഭിച്ചില്ലെങ്കില്‍ മധ്യ തിരുവിതാംകൂറില്‍ കോണ്‍ഗ്രസ്സിനാണ് അത് വലിയ പ്രഹരമാകുക. ഭരണം ലഭിച്ചില്ലെങ്കില്‍ പ്രതിപക്ഷ നേതൃസ്ഥാനമെന്ന കുഞ്ഞാലിക്കുട്ടിയുടെ സ്വപ്നത്തിനാണ് അതോടെ പ്രതീക്ഷയേകുക. ഈ സാധ്യത മുന്നില്‍ കണ്ടുള്ള നീക്കങ്ങള്‍ തന്നെയാണ് ലീഗും ഇപ്പോള്‍ നടത്തിവരുന്നത്.

സ്വന്തം സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാനാണ് അവരുടെ ശ്രമം. 35 സീറ്റ് ആവശ്യപ്പെട്ട് 30-ല്‍ മത്സരിക്കാന്‍ തന്നെയാണ് തീരുമാനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 24 മണ്ഡലങ്ങളിലാണ് ലീഗ് മത്സരിച്ചിരുന്നത്. ഇതില്‍ പതിനെട്ടിടത്ത് വിജയിക്കാനും അവര്‍ക്ക് കഴിഞ്ഞിരുന്നു. ഇപ്പോള്‍ എല്‍ജെഡിയും കേരളാ കോണ്‍ഗ്രസും മുന്നണി വിട്ടതിനാല്‍ 22 സീറ്റുകള്‍ അധികമായി മുന്നണിയിലുണ്ട്. ഇതില്‍ ആറെണ്ണമെങ്കിലും കിട്ടണമെന്നതാണ് ലീഗിന്റെ ആവശ്യം. കഴിഞ്ഞ തവണ എറണാകുളത്തിന് തെക്ക് ഒരു സീറ്റ് മാത്രമാണ് ലീഗിന് കിട്ടിയിരുന്നത്. അതാകട്ടെ പുനലൂരുമായിരുന്നു. ഇക്കുറി തിരുവനന്തപുരമടക്കം എല്ലാ ജില്ലകളിലും ലീഗ് സീറ്റ് മോഹിക്കുന്നുണ്ട്. ഇതില്‍ വര്‍ക്കല, കരുനാഗപ്പള്ളി, പൂഞ്ഞാര്‍, അമ്പലപ്പുഴ എന്നിവ ഇതിനകം തന്നെ കണ്ടുവച്ചുകഴിഞ്ഞിട്ടുണ്ട്.

തീവ്ര -മതരാഷ്ട്രവാദ ശക്തികളായ എസ്ഡിപിഐ–ജമാഅത്തെ ബന്ധം നിലനിര്‍ത്തി മുന്നോട്ട് പോകാന്‍ ഈ സീറ്റുകള്‍ അനിവാര്യമാണെന്ന നിലപാടിലാണ് ലീഗ് നേതൃത്വം. കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ്, കണ്ണൂര്‍, കൂത്തുപറമ്പ് എന്നീ സീറ്റുകളും ലീഗ് ആവശ്യപ്പെടും. കാസര്‍കോട് ജില്ലയില്‍ തൃക്കരിപ്പൂര്‍ അധികമായി ആവശ്യപ്പെടാനാണ് ആലോചന. കോഴിക്കോട് നിലവില്‍ അഞ്ച് സീറ്റുകളിലാണ് ഇതുവരെ മത്സരിച്ചിരുന്നത്. എന്നാല്‍ ഇത്തവണ പേരാമ്പ്ര, ബേപ്പൂര്‍, കുന്നമംഗലം എന്നിവക്ക് വേണ്ടിയും അവകാശവാദം ഉന്നയിക്കും. വയനാട്ടിലെ കല്‍പ്പറ്റ, പാലക്കാട് ജില്ലയിലെ, പട്ടാമ്പി, ഒറ്റപ്പാലം മണ്ഡലങ്ങളും തൃശൂര്‍ ജില്ലയിലെ കുന്നംകുളം, കൊടുങ്ങല്ലൂര്‍ എന്നിവയും മുസ്ലീം ലീഗിന്റെ താല്‍പ്പര്യ പട്ടികയില്‍ ഇടംപിടിച്ച മണ്ഡലങ്ങളാണ്. അധിക സീറ്റ് ന്യായമാണെന്ന നിലപാടിലാണ് യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ മുനവറലി തങ്ങള്‍. ഇതിനായി സമ്മര്‍ദ്ദം ശക്തമാക്കാന്‍ പോഷകസംഘടനകളെ രംഗത്തിറക്കുക എന്ന തന്ത്രമാണ് മുസ്ലിംലീഗ് നേതൃത്വവും ആവിഷ്‌കരിച്ചിരിക്കുന്നത്.

തങ്ങളുടെ ആവശ്യം സമ്മര്‍ദ്ദതന്ത്രമായി തെറ്റിദ്ധരിക്കേണ്ടെന്നും മുനവറലി തങ്ങള്‍ ഒരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. കൂടുതല്‍ സീറ്റെന്ന ആവശ്യം ലീഗ് അഖിലേന്ത്യാ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയും പരസ്യപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റെന്ന ആവശ്യത്തില്‍ നിന്നും ലീഗ് പിന്‍മാറിയത് തന്നെ നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റ് അധികമായി നല്‍കുമെന്ന ഉറപ്പിലാണെന്നാണ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മലബാറില്‍ യു.ഡി.എഫിന് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞത് മുസ്ലീം ലീഗ് ഉള്ളത് കൊണ്ടാണെന്ന കാര്യവും കോണ്‍ഗ്രസ്സ് നേതൃത്വത്തെ ലീഗ് നേതൃത്വം ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

കോണ്‍ഗ്രസ് ദുര്‍ബലമായെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് തങ്ങള്‍ക്ക് അധിക സീറ്റിന് അര്‍ഹതയുണ്ടെന്ന് സ്ഥാപിക്കാനാണ് ലീഗ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളില്‍, വന്‍ തോല്‍വിയില്‍ നിന്ന് യു.ഡി.എഫിനെ രക്ഷിച്ചത് ലീഗായതിനാല്‍ എതിര്‍ത്ത് ഒരക്ഷരം പറയാന്‍ പറ്റാത്ത അവസ്ഥയിലാണ് കെ.പി.സി.സി നേതൃത്വം. രഹസ്യമായി സമ്മതിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ലീഗിന് 30 സീറ്റെങ്കിലും വിട്ടുകൊടുക്കേണ്ടി വരുമെന്ന് തന്നെയാണ് കോണ്‍ഗ്രസ്സ് നേതൃത്വം കരുതുന്നത്. എന്നാല്‍ പാര്‍ട്ടിയിലെ യുവതുര്‍ക്കികള്‍ ഈ ആവശ്യത്തെ ശക്തമായാണ് എതിര്‍ക്കുന്നത്. എല്ലാ ജില്ലയിലും പ്രാധാന്യം നല്‍കണമെന്നതാണ് യൂത്ത് കോണ്‍ഗ്രസ്സിന്റെ ആവശ്യം. ഇക്കാര്യം പരിഗണിച്ചില്ലങ്കില്‍ കോണ്‍ഗ്രസ്സില്‍ റിബലുകള്‍ പ്രത്യക്ഷപ്പെടാനുള്ള സാധ്യതയും ഇനി വളരെ കൂടുതലാണ്.

Top