ജനവാസ കേന്ദ്രങ്ങളിലൂടെ ഗെയില്‍ പദ്ധതി നടപ്പാക്കരുതെന്നാണ് ലീഗ് നയം; കുഞ്ഞാലിക്കുട്ടി

Kunhalikkutty

മലപ്പുറം: ജനവാസ കേന്ദ്രങ്ങളിലൂടെ ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതി നടപ്പാക്കരുതെന്നാണ് മുസ്‌ലിം ലീഗിന്റെ എന്നത്തെയും നയമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി.

വ്യവസായ മന്ത്രിയായിരുന്നപ്പോള്‍ അലൈന്‍മെന്റ് മാറ്റുന്നതിനെക്കുറിച്ച് ഗെയില്‍ അധികൃതര്‍ നല്‍കി എന്ന് പറയപ്പെടുന്ന കത്തിനെക്കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗെയില്‍ പോലുള്ള പദ്ധതി സംസ്ഥാനത്ത് ആവശ്യമാണെന്നും, എന്നാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ പദ്ധതി നടപ്പാക്കരുത് എന്നതാണ് ലീഗിന്റെ നയമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നേരത്തെയുള്ള അലൈന്‍മെന്റ് മാറ്റുന്നതിന്റെ സാധ്യത ആരാഞ്ഞുകൊണ്ട് വ്യവസായ വകുപ്പിന് ഗെയില്‍ അധികൃതര്‍ കത്ത് നല്‍കിയിരുന്നു എന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു.

ജനങ്ങളുടെ എതിര്‍പ്പ് മറികടന്ന് ജനവാസ കേന്ദ്രങ്ങളിലൂടെ തന്നെയാണ് ഗെയില്‍ വീണ്ടും ഈ പദ്ധതി നടപ്പാക്കുന്നതെങ്കില്‍ പദ്ധതിക്ക് യുഡിഎഫിന്റെ പിന്തുണ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

തോമസ് ചാണ്ടിക്കെതിരെ കൃത്യമായ റിപ്പോര്‍ട്ട് വന്ന സ്ഥിതിക്ക് അദ്ദേഹം മന്ത്രിസ്ഥാനം രാജിവെക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും, പ്രവാസികളുടെ പുനരധിവാസ പദ്ധതികള്‍ കുറച്ചുകൂടി കാര്യക്ഷമമായി നടപ്പാക്കണമെന്നും, ഇതിനായി രാഷ്ട്രീയത്തിനതീതമായി ശ്രമം എല്ലാവരുടെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടിയിരിക്കുന്നു എന്നും പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

Top