4 മണിക്കൂറിനുള്ളില്‍ തലസ്ഥാനത്തെത്തിയിട്ടെന്ത് പ്രയോജനം? സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ നടപ്പാക്കുന്ന അര്‍ധ അതിവേഗ പാതയായ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ശക്തമായ വിയോജിപ്പുമായി യുഡിഎഫ് നേതാക്കള്‍. യുഡിഎഫ് ഉപേക്ഷിച്ച പദ്ധതിയാണ് സില്‍വര്‍ ലൈന്‍ എന്ന പേരില്‍ എല്‍ഡിഎഫ് പൊടി തട്ടി എടുക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

കാസര്‍കോട് നിന്ന് 4 മണിക്കൂര്‍ കൊണ്ട് തലസ്ഥാനം എത്തിയിട്ട് എന്താണ് കാര്യമെന്നും ആര്‍ക്കാണ് പ്രയോജനമെന്ന് കുഞ്ഞാലിക്കുട്ടി ചോദിച്ചു. കൊള്ളാവുന്ന ഭരണം ഇല്ലെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് മനസ്സിലായി, രണ്ടാമത് അധികാരം കിട്ടിയപ്പോള്‍ സര്‍ക്കാരിനുള്ളത് തല തിരിഞ്ഞ നയമാണെന്ന് മനസ്സിലാക്കാന്‍ പ്ലസ് വണ്‍ പ്രവേശനകാര്യം മാത്രം നോക്കിയാല്‍ മതി. സര്‍ക്കാരിനെ തിരിച്ച് വിളിക്കാന്‍ ജനങ്ങള്‍ക്ക് അധികാരം ഉണ്ടെങ്കില്‍ ഇതിനകം അത് നടപ്പായെനെയെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

നേരത്തെ കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതി ജനവിരുദ്ധമാണെന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞിരുന്നു. പരിസ്ഥിതി ആഘാത പഠനം പോലും നടത്താതെയാണ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. കേരളം വന്‍ കടക്കെണിയിലേക്ക് പോകുന്ന സാഹചര്യമാണുള്ളത്. അതിനാല്‍ സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ക്കുമെന്നും സതീശന്‍ പ്രഖ്യാപിച്ചു.

Top