കുണ്ടുകടവ് പാലം പുനര്‍നിര്‍മ്മാണം; നടപടികള്‍ ആരംഭിച്ചുകഴിഞ്ഞെന്ന് മന്ത്രി റിയാസ്

പൊന്നാനി: മലപ്പുറത്തെ കുണ്ടുകടവ് പാലം പുനര്‍നിര്‍മ്മാണത്തിനായി നടപടികള്‍ ആരംഭിച്ചതായി പൊതുമരാമത്ത് – വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പി നന്ദകുമാര്‍ എം എല്‍ എയുടെ സബ്മിഷന് മറുപടിയായാണ് പദ്ധതി അണിയറയിലാണെന്ന കാര്യം മന്ത്രി അറിയിച്ചത്.

60 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള കുണ്ടുകടവ് പാലത്തിന്റെ നിലവിലുള്ള അവസ്ഥ മനസിലാക്കാന്‍ പൊതുമരാമത്ത് വകുപ്പ്, ബ്രിഡ്ജ് കണ്ടീഷന്‍ ഇന്‍ഡക്‌സ് സ്റ്റഡി നടത്തിയിരുന്നു. ആ പരിശോധനയില്‍ ബ്രിഡ്ജ് കണ്ടീഷന്‍ ഇന്‍ഡക്‌സ് വാല്യു 1 എന്നാണ് ലഭിച്ചത്. പാലം പുനര്‍നിര്‍മ്മാണം ആവശ്യമാണെന്നാണ് ആ പഠനത്തില്‍ നിന്നും മനസിലായതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

തുടര്‍ന്ന്, 2017 ല്‍ പാലം പുനര്‍നിര്‍മ്മാണത്തിന് മണ്ണ് പര്യവേഷണം പൂര്‍ത്തിയാക്കുകയും ഡിസൈന്‍ തയ്യാറാക്കുകയും ചെയ്തു. 2020-21 ലെ ബജറ്റില്‍ പദ്ധതി ഉള്‍പ്പെടുത്തിയിരുന്നു. ഇതിനുള്ള പദ്ധതി നിര്‍ദ്ദേശം ധനവകുപ്പിന് സമര്‍പ്പിച്ചിരുന്നെങ്കിലും 2018 ലെ ഡിഎസ്ഒആര്‍ പ്രകാരം എസ്റ്റിമേറ്റ് പുതുക്കി നല്‍കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. അതോടൊപ്പം കുണ്ടുകടവ് പാലം പുനര്‍നിര്‍മ്മാണം നബാര്‍ഡ് സ്‌കീമില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള 29.30 കോടി രൂപയുടെ എസ്റ്റിമേറ്റ് ധനകാര്യ വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി റിയാസ് അറിയിച്ചു.

മലപ്പുറം ജില്ലയിലെ പൊന്നാനി നിയോജക മണ്ഡലത്തിലെ പൊന്നാനിയേയും മാറഞ്ചേരിയേയും ബന്ധിപ്പിക്കുന്ന പാലമാണ് കുണ്ടുകടവ് പാലം.

Top