കുണ്ടറ പീഡന പരാതി: എ കെ ശശീന്ദ്രന് ശരദ് പവാറിന്റെ പിന്തുണ

തിരുവനന്തപുരം: കുണ്ടറ പീഡന പരാതി വിവാദത്തില്‍ പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ പറഞ്ഞു. എ കെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്ത് തുടരണമെന്നാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ നിര്‍ദ്ദേശമെന്നും പി സി ചാക്കോ അറിയിച്ചു.

ആരോപണം പെരുപ്പിച്ച് കാണിച്ചുവെന്ന് ശരദ് പവാര്‍ അഭിപ്രായപ്പെട്ടെന്ന് പി സി ചാക്കോ പറഞ്ഞു. രാജി വേണമെന്ന പ്രതിപക്ഷ ആവശ്യം മുഖവിലയ്ക്ക് എടുക്കുന്നില്ല. എന്‍ സി പി നിലപാട് സി പി എം നേതൃത്വത്തെ അറിയിച്ചു. പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും പി സി ചാക്കോ പറഞ്ഞു.

പീഡനപരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ച മന്ത്രി എകെ ശശീന്ദ്രനോട് മുഖ്യമന്ത്രി രാജിയാവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടിയിലെ തര്‍ക്കം തീര്‍ക്കാനാണ് ഇടപെട്ടതെന്ന മന്ത്രിയുടെ വിശദീകരണം കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റെയും നിലവിലെ പിന്തുണ. ഇപ്പോള്‍ രാജിവേണ്ടെന്നാണ് നിലപാടെങ്കിലും വിവാദത്തിലെ തുടര്‍നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണ് സിപിഎം.

Top