കുണ്ടന്നൂർ വൈറ്റില മേൽപ്പാലങ്ങൾ ഇന്ന് തുറക്കും

കൊച്ചി : വൈറ്റില, കുണ്ടന്നൂര്‍ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പതരയ്ക്ക് വൈറ്റില മേൽപ്പാലവും 11 മണിക്ക് കുണ്ടന്നൂർ പാലവും ഓൺലൈനായാണ് ഉദ്ഘാടനം ചെയ്യുക. മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസക്കും പാലത്തിലൂടെ ആദ്യ യാത്ര നടത്തും.ദേശീയപാതയുടെ ഭാഗമായി വരുന്ന മേൽപ്പാലങ്ങളുടെ നിര്‍മ്മാണം സംസ്ഥാന സർക്കാർ കിഫ്ബി ഫണ്ടുപയോഗിച്ചാണ് പൂര്‍ത്തീകരിച്ചത്.

വൈറ്റില മേൽപ്പാലത്തിന് 86 കോടി രൂപയും കുണ്ടന്നൂർ പാലത്തിന് 83 കോടി രൂപയുമാണ് ചിലവ് വന്നത്. പാലങ്ങള്‍ തുറക്കുന്നതോടെ കേരളത്തിന്‍റെ വാണിജ്യ തലസ്ഥാനമായ കൊച്ചി നഗരത്തിലെ വലിയ ഗതാഗതക്കുരുക്കിനാണ് പരിഹാരമാവുക.വൈറ്റില, കുണ്ടന്നൂര്‍ മേൽപ്പാലങ്ങളുടെ അവസാനവട്ട മിനുക്ക് പണികളെല്ലാം ഇന്നലെത്തന്നെ പൂര്‍ത്തിയായിരുന്നു. മുഖ്യമന്ത്രിയാണ് ഉദ്ഘാടകൻ. പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ ചടങ്ങിൽ അധ്യക്ഷനാകും. ധനമന്ത്രി തോമസ് ഐസക്കാണ് മുഖ്യാതിഥി.

Top