വ്യാപാരിക്ക് കോവിഡ്; കോഴിക്കോട് കോര്‍പ്പറേഷനിലെ വാര്‍ഡ് 44 കണ്ടെയ്ന്‍മെന്റ് സോണ്‍

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ വാര്‍ഡ് 44 (കുണ്ടായിത്തോട്) കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. വലിയങ്ങാടിയിലെ വ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.

ഈ വാര്‍ഡില്‍ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചു. അവശ്യവസ്തുക്കളുടെ വിതരണം, അടിയന്തര വൈദ്യസഹായം എന്നിവക്കുള്ള വാഹനങ്ങള്‍ക്ക് നിരോധനം ബാധകമല്ല.

കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടവര്‍ അടിയന്തര വൈദ്യസഹായത്തിനും അവശ്യവസ്തുക്കള്‍ വാങ്ങാനുമല്ലാതെ വീടിന് പുറത്ത് പോകുന്നതും മറ്റുള്ളവര്‍ വാര്‍ഡിലേക്ക് പ്രവേശിക്കുന്നതും അനുവദനീയമല്ല.

രാത്രി ഏഴ് മണി മുതല്‍ രാവിലെ ഏഴ് മണി വരെ വാര്‍ഡിലൂടെയുള്ള യാത്രകള്‍ പൂര്‍ണമായി നിരോധിച്ചു. അടിയന്തര വൈദ്യസഹായത്തിനുള്ള യാത്രകള്‍ക്ക് ഇളവുണ്ടാവും.

അവശ്യ വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ രാവിലെ എട്ട് മണിമുതല്‍ അഞ്ചു മണിവരെ മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളു. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 188,269 വകുപ്പുകള്‍ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ ഉത്തരവില്‍ അറിയിച്ചു.

അതിനിടെ വലിയങ്ങാടിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത തുറന്ന മൂന്ന് കടകളുടെ ലൈസന്‍സ് റദ്ദാക്കുകയും ലൈസന്‍സ് ഇല്ലാത്ത ഒരു കട പൂട്ടിക്കുകയും ചെയ്തു. 23 പേരില്‍ നിന്ന് ആരോഗ്യവകുപ്പ് പിഴ ഈടാക്കുകയും ചെയ്തു.

Top