‘അവന്റെ ചെറിയൊരു അനക്കം പോലും എന്നെ ഉണര്‍ത്തും, ഉറക്കം ഇപ്പോള്‍ പേരിന് മാത്രം’

14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയക്കും ഇസഹാക്ക് ജനിക്കുന്നത്. മകന്റെ ജനനശേഷം തന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായതായി കുഞ്ചാക്കോ ബോബന്‍ പറയുന്നു. ഒരു അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തല്‍ നടത്തിയത്.

‘സന്തോഷത്തേക്കാളേറെ തനിക്ക് ഏറെ സമാധാനമാണിപ്പോള്‍ തോന്നുന്നത്. എന്നേക്കാളേറെ അനുഭവിച്ചത് പ്രിയയാണ്. പ്രിയയുടെ ആ വിഷമം മാറിയതില്‍ ഒരുപാട് സന്തോഷമുണ്ട്. സ്ത്രീയായതിനാല്‍ പ്രിയക്ക് ഒരുപാട് ചോദ്യങ്ങളാണ് നേരിടേണ്ടി വന്നതെന്നും നടന്‍ പറയുന്നു.

ഇസയാണ് ഇപ്പോള്‍ ഞങ്ങളുടെ ജീവിതം തീരുമാനിക്കുന്നത്. പണ്ട് ഷൂട്ടിങ്ങ് കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം നേരെ ഉറക്കത്തിലേക്ക് വീഴും. പിറ്റേന്ന് രാവിലെ പതിവ് പോലെ ഷൂട്ടിങ്ങിന് പോകും. എന്നാലിപ്പോള്‍ ഞങ്ങള്‍ എപ്പോള്‍ ഉറങ്ങണമെന്ന് പോലും ചിന്തിക്കുന്നത് ഇസയാണ്. ഞാന്‍ ജോലി ചെയ്ത് തളര്‍ന്ന് കിടന്നാലും ഉപബോധ മനസില്‍ മകനെക്കുറിച്ചുള്ള ചിന്തയാണ്. അവന്റെ ചെറിയൊരു അനക്കം പോലും എന്നെ ഉണര്‍ത്തും. ഉറക്കം ഇപ്പോള്‍ പേരിന് മാത്രമാണ്. എങ്കിലും ഞാന്‍ ജീവിതത്തിലെ ഈ കാലഘട്ടം ഏറെ ആസ്വദിക്കുന്നുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു.

‘പ്രിയയ്ക്ക് പെണ്‍കുഞ്ഞ് വേണമെന്നായിരുന്നു ആഗ്രഹം. പെണ്‍കുഞ്ഞാണെങ്കില്‍ പലതരം കുഞ്ഞുടുപ്പുകളും ആഭരണങ്ങളുമൊക്കെ അണിയിക്കാന്‍ പ്രിയക്ക് കൊതിയായിരുന്നു. ചിലനേരത്തെ ഇസയ്ക്ക് പൊട്ട് കുത്തുന്നതൊക്കെ കാണാം. എല്ലാത്തിലും പ്രധാനം നമ്മുടെ മനക്കരുത്താണ്. തുടര്‍ച്ചായി ചികിത്സ പരാജയപ്പെട്ടേക്കാം. സ്വാഭാവികമായും നമ്മള്‍ ഡിപ്രഷനിലാകും. ആ അവസ്ഥയില്‍ നിന്നും മാറാന്‍ ഞങ്ങള്‍ ചികിത്സയില്‍ നിന്നും ബ്രേക്ക് എടുത്ത് യാത്രകള്‍ നടത്താറുണ്ട്. തിരികെ വന്ന് വീണ്ടും ചികിത്സ തുടരും. എന്നാല്‍ അത്തരമൊരു ബ്രേക്ക് എടുക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം. ചികിത്സ വേഗം ഫലിക്കാന്‍ ബ്രേക്ക് എടുക്കാതെ തുടരുന്നതാണ് ഉചിതമെന്നും താരം പറഞ്ഞു.

Top