സിനിമ പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി കുഞ്ചാക്കോ ബോബൻ

ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി കുഞ്ചാക്കോ ബോബന്‍. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന പരസ്യം വലിയ ശ്രദ്ധ നേടുകയാണ്. തീയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ എന്നാണ് പരസ്യവാക്യം. കേരളത്തിലെ റോഡുകളിലെ കുഴികളെ പറ്റി ഈ മഴക്കാലത്ത് വിമര്‍ശനവും വാദപ്രതിവാദങ്ങളും നടക്കുന്ന സമയത്താണ് ഈ പരസ്യവാചകം. സമൂഹമാധ്യമങ്ങളില്‍ ഈ പരസ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സംവാദങ്ങള്‍ നടക്കുകയാണ്. സിനിമയിലെ ട്രെയ്‌ലറിലും റോഡിലെ കുഴികളെക്കുറിച്ച് പരാമര്‍ശമുണ്ട്.

സി.പി.എമ്മിന്റെ സൈബര്‍ പേജുകളും അനുഭാവികളുടെ പേജുകളിലും പോസ്റ്ററിനെതിരേ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. സിനിമ കാണില്ലെന്നും ബഹിഷ്‌കരിക്കണമെന്നും തരത്തിലുള്ള ആഹ്വാനങ്ങള്‍ ഉയരുന്നുണ്ട്. സര്‍ക്കാറിനെതിരേയുള്ള വിമര്‍ശനമായാണ് ഇത് കാണുന്നത്.

കുഞ്ചാക്കോ ബോബന്റെ പ്രതികരണം

ഇതൊരു കോര്‍ട്ട് റൂം ഡ്രാമയാണ്. ഏതെങ്കിലും സര്‍ക്കാറിനെയോ രാഷ്ട്രീയക്കാരെ മാത്രം ഉദ്ദേശിച്ചല്ല ഈ സിനിമ. വര്‍ഷങ്ങളായി ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഹ്യൂമര്‍ വഴി അവതരിപ്പിക്കുന്ന ചിത്രമാണിത്. മാറിമാറി വരുന്ന രാഷ്ട്രീയ കക്ഷികളെല്ലാം ഈ സിനിമയിലൂടെ കടന്നുപോകുന്നു.

റോഡ് പണിയില്‍ അതോറിറ്റികള്‍ തമ്മിലുള്ള കോര്‍ഡിനേഷന്‍ ഇല്ലായ്മയൊക്കെ നമ്മള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ്. ഇതെല്ലാം സിനിമയില്‍ പറയുന്നു. ഒരു മുന്‍കാല കള്ളന്റെ ജീവിതത്തില്‍ ഒരു കുഴിയുണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് സിനിമയുടെ പ്രമേയം. ഇതിനെ ഒരു സിനിമാറ്റിക് രൂപത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ്. സിനിമ കാണില്ല എന്നതെല്ലാം അവരുടെ ഇഷ്ടമാണ്. എന്നാല്‍, ഈ സിനിമ കണ്ടവര്‍ക്ക് മനസ്സിലാകും എന്താണ് ഉദ്ദേശിച്ചതെന്ന്‌. എനിക്ക് ഈ പോസ്റ്റര്‍ കണ്ടപ്പോള്‍ ചിരിയാണ് വന്നത്.

എന്തിനാണ് നമ്മള്‍ ആവശ്യമില്ലാത്ത കാര്യങ്ങളിലേക്ക് പോകുന്നത്? ഈ സിനിമ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് കണ്ടാല്‍ മനസ്സിലാകും. ഈ സിനിമയുടെ ചിന്ത ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായത്. ഇന്ന് ഈ സിനിമ റിലീസ് ചെയ്യുമ്പോള്‍ കുഴി പ്രശ്‌നമുണ്ടാകുന്നുവെങ്കില്‍ അത് കഥയെഴുതിയ ആളുകളുടെ ദീര്‍ഘവീക്ഷണമാണ്.

Top