ലോക്ക് ഡൗണ്‍; ഉമ്മറത്ത് ഒത്തുകൂടിയിരിക്കുന്ന മലയാളി താരങ്ങള്‍, ചിത്രം വൈറല്‍

ഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സമയത്ത് കൊറോണ ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി മലയാളി താരങ്ങള്‍ ഒന്നിച്ചുളള ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

ഒരു ആരാധകന്റെ മനസില്‍ തോന്നിയ ആശയം അയാള്‍ ക്യാന്‍വാസില്‍ വരച്ചിരിക്കുകയാണ്. ഒരു വീടിന്റെ ഉമ്മറത്ത് ഒത്തുകൂടിയിരിക്കുന്ന മലയാളി താരങ്ങള്‍. ചിത്രത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ്, ജയസൂര്യ, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍, ഫഹദ് ഫാസില്‍ തുടങ്ങിയവരുണ്ട്. കുഞ്ചാക്കോ ബോബനാണ് ഈ ചിത്രം തന്റെ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്.

നിങ്ങളുടെ താരങ്ങളെല്ലാം വീട്ടില്‍ ഇരിക്കുകയാണെന്നും നിങ്ങളും അവരെ പോലെ വീട്ടിലിരിക്കൂവെന്നും സൂപ്പര്‍ഹീറോകളാവൂ എന്നും ചാക്കോച്ചന്‍ കുറിച്ചു.

കൊറോണ ബോധവത്ക്കരണവുമായി നേരത്തെയും സോഷ്യല്‍ മീഡിയയില്‍ എത്തിയ താരമാണ് കുഞ്ചാക്കോ ബോബന്‍.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നേരത്തെ സിനിമാ ഷൂട്ടിംഗും റിലീസുമെല്ലാം മാറ്റിവെച്ചിരുന്നു. കൊറോണ വ്യാപനം സിനിമാ മേഖലയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. തിയ്യേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശിപ്പിച്ച സിനിമകളുടെ റിലീസ് പോലും മാറ്റിവെച്ചു.

Top