സുപ്രീംകോടതിയെ പരിഹസിച്ചു; കുനാല്‍ കമ്രയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടി

മുംബൈ : ഹാസ്യതാരം കുനാല്‍ കമ്രയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടി . അര്‍ണബ് ഗോസാമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെ പരിഹസിച്ച് കുനാല്‍ കമ്ര ട്വീറ്റ് ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ട്വീറ്റ് ചര്‍ച്ചയായതോടെയാണ് വിഷയത്തില്‍ കോടതി ഇടപെടല്‍ ഉണ്ടായത്. കുനാല്‍ കമ്രയ്ക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ അനുമതി നല്‍കി. കുനാല്‍ കമ്ര സുപ്രീംകോടതിക്കെതിരെ കടുത്ത ആക്ഷേപമാണ് ഉന്നയിച്ചതെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

കോടതിയ്‌ക്കെതിരെ പരസ്യ വിമര്‍ശനം നടത്തിയ കുനാല്‍ കമ്രയ്‌ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിച്ച എട്ടു പേരുടെ ഹര്‍ജികള്‍ക്ക് ആണ് അറ്റോര്‍ണി ജനറല്‍ കെ. കെ. വേണുഗോപാല്‍ അനുമതി നല്‍കിയത്. ഇന്റീരിയല്‍ ഡിസൈനറിന്റെ ആത്മഹത്യയില്‍ പൊലീസ് അര്‍ണബിനെ അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ ബുധനാഴ്ച്ച ജാമ്യഹര്‍ജി പരിഗണിച്ച കോടതി അര്‍ണബിന് ഇടക്കാല ജാമ്യം അനുവദിച്ചു. ഇതിനെതിരെ കുനാല്‍ നിരവധി ട്വീറ്റുകളുമായി രംഗത്തുവന്നിരുന്നു.

ഹാസ്യാത്മകമായിരുന്നു കുനാലിന്റെ ട്വീറ്റുകളെല്ലാം. ‘ഈ രാജ്യത്തെ സുപ്രീം കോടതി രാജ്യത്തെ സുപ്രീം ജോക്കായി മാറിയിരിക്കുകയാണ്’ എന്നതായിരുന്നു കുനാലിന്റെ ട്വീറ്റ്’. അതേസമയം സുപ്രീംകോടതിയെ ഇകഴ്ത്തിക്കാട്ടാനുള്ള മനഃപൂര്‍വമായ ശ്രമമാണിതെന്ന് പരാതിക്കാർ ആരോപിച്ചു.

Top