Kummanam’s facebook post supporting Modi’s somalia statement

കോഴിക്കോട്: കേരളത്തെ സൊമാലിയയോട് ഉപമിച്ചതിന് പ്രധാനമന്ത്രിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഇടത് നേതാക്കളും രംഗത്ത് വന്നതോടെ മറുപടിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ സൊമാലിയ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് കുമ്മനം ബി.ജെ.പിക്കെതിരായ പ്രചരണങ്ങള പ്രതിരോധിക്കുന്നത്. അട്ടപ്പാടിയെ സോമാലിയ ആക്കിയത് യു.ഡി.എഫ് സര്‍ക്കാര്‍ ആണെന്ന് രണ്ടു വര്‍ഷം മുമ്പ് വി.എസ് പ്രസ്താവിച്ചിരുന്നുവെന്ന് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കുമ്മനം ചൂണ്ടിക്കാട്ടുന്നത്.

അച്യുതാനന്ദന്‍ അട്ടപ്പാടിയെ സോമാലിയയോടുപമിച്ചപ്പോള്‍ ആരും അട്ടപ്പാടിയെ അപമാനിച്ചു എന്ന് പറഞ്ഞില്ലെന്നും കേരളത്തിലെ ആദിവാസി ജനവിഭാഗങ്ങള്‍ക്കിടയിലെ ശിശു മരണ നിരക്ക് സോമാലിയയിലെ ശിശു മരണ നിരക്കിലും ആശങ്കാജനകമാണ് എന്ന് പറഞ്ഞതിന് വിവാദവുമായി ചിലര്‍ ഇറങ്ങിയിരിക്കുകയാണെന്നും തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുമ്മനം പറയുന്നു.

അട്ടപ്പാടി സോമാലിയ തന്നെ എന്ന് വി.എസ് അന്ന് പറഞ്ഞപ്പോള്‍ കേരളത്തെ മോദി സൊമാലിയ എന്ന് വിളിച്ചതേയില്ല എന്ന് കുമ്മനം ചൂണ്ടിക്കാട്ടുന്നു. ബി.ജെ.പിയെ പ്രതിരോധിക്കുക എന്നത് മാത്രമായി തങ്ങളുടെ രാഷ്ട്രീയ ദൗത്യത്തെ പരിമിതപ്പെടുത്തിയിരിക്കുന്ന ഇടതുപക്ഷം, യു.ഡി.എഫ് വിരുദ്ധതയുടെ നാടകാഭിനയം അവസാനിപ്പിച്ച് ഭരിക്കുന്ന കോണ്‍ഗ്രസിനെ പരസ്യമായി ആശ്ലേഷിക്കുന്നു എന്നും കുമ്മനം ആരോപിക്കുന്നു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ ഉയര്‍ത്തിയിരുന്ന വിമര്‍ശനങ്ങളെല്ലാം വിഴുങ്ങിയവര്‍, ഇന്ന് ഉമ്മന്‍ ചാണ്ടിക്ക് കീഴിലെ കേരളം ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനവും ഭൂമിയിലെ സ്വര്‍ഗവുമാണെന്ന് നിസങ്കോചം വാദിക്കുന്നു.

ബംഗാളില്‍ മാത്രമല്ല, ഇവിടെയും കാര്യത്തോടടുക്കുമ്പോള്‍ ഞങ്ങള്‍ ഒന്ന് തന്നെയെന്ന് തെളിയിക്കുന്നതായും കുമ്മനം ആരോപിക്കുന്നു.


കുമ്മനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…

അട്ടപ്പാടിയെ സോമാലിയ ആക്കിയത് യു.ഡി.എഫ് സര്‍ക്കാര്‍ ആണെന്ന് രണ്ടു വര്‍ഷം മുന്‍പ് ശ്രീ വി.എസ്.അച്യുതാനന്ദന്‍ പ്രസ്താവിച്ചിരുന്നു.
ഒരു വിവാദവും ഉണ്ടായില്ല.

അച്യുതാനന്ദന്‍ സോമാലിയയോടുപമിച്ച് അട്ടപ്പാടിയെ അപമാനിച്ചു എന്ന് പറഞ്ഞാരും പ്രതിഷേധിച്ചില്ല. എന്നാലിപ്പോള്‍ കേരളത്തിലെ ആദിവാസി ജനവിഭാഗങ്ങള്‍ക്കിടയിലെ ശിശു മരണ നിരക്ക് സോമാലിയയിലെ ശിശു മരണ നിരക്കിലും ആശങ്കാജനകമാണ് എന്ന് ശ്രീ നരേന്ദ്ര മോഡി പറഞ്ഞതോടെ ചിലര്‍ വിവാദവുമായി ഇറങ്ങിയിരിക്കുകയാണ്.
പ്രധാനമന്ത്രി കേരളത്തെ അപമാനിച്ചുവത്രേ!

രണ്ടു പ്രസ്താവനകളും ശ്രദ്ധിച്ചു വായിക്കുന്ന ഏതൊരാള്‍ക്കും മനസിലാവുന്ന കാര്യമെന്താണ്?
പ്രധാനമന്ത്രി നടത്തിയത് ആദിവാസി മേഖലകളിലെ ശിശുമരണനിരക്കിനെ മാത്രം മുന്‍നിര്‍ത്തിയുള്ള ഒരു താരതമ്യം ആയിരുന്നെങ്കില്‍,
അച്യുതാനന്ദന്റേത് ചിന്തിച്ചുറപ്പിച്ച ഒരു അഭിപ്രായം തന്നെയായിരുന്നു.
പ്രധാനമന്ത്രി കേരളത്തെ സോമാലിയ എന്ന് വിളിച്ചതേയില്ല.
വി.എസ് ആകട്ടെ, അട്ടപ്പാടി സോമാലിയ തന്നെ എന്ന് സംശയമൊട്ടുമില്ലാതെ പറയുകയും ചെയ്തു.
പ്രധാനമന്ത്രിയുടേത്, കേരളത്തിലെ ആദിവാസി ജനതയുടെ ജീവിത സാഹചര്യങ്ങളെ പറ്റി ചിന്തിക്കുന്ന ഭരണാധികാരിയുടെ സദുദ്ദേശപരമായ ആശങ്കയായിരുന്നെങ്കില്‍,
മുന്‍ മുഖ്യമന്ത്രിയുടേത്, താന്‍ കൂടി ഏറ്റെടുക്കേണ്ടതായ ഉത്തരവാദിത്വത്തെ എതിര്‍ മുന്നണിയുടെ മേലെ മാത്രം കെട്ടിവെക്കാനുള്ള പഴിചാരല്‍ തന്ത്രമായിരുന്നു.
എന്നിട്ടും വിവാദമാക്കുന്നത് പ്രധാനമന്ത്രിയുടെ പ്രസ്താവന മാത്രമാണ്.
മുന്‍പ് അച്യുതാനന്ദന്‍ പറഞ്ഞതിനെ അനുകൂലിച്ചവര്‍ പോലും ഇന്ന് പ്രധാനമന്ത്രി പറഞ്ഞതിനെ അപലപിക്കാന്‍ മത്സരിക്കുന്നു.
ബി.ജെ.പിയെ പ്രതിരോധിക്കുക എന്നത് മാത്രമായി തങ്ങളുടെ രാഷ്ട്രീയ ദൗത്യത്തെ പരിമിതപ്പെടുത്തിയിരിക്കുന്ന ഇടതുപക്ഷം, യു.ഡി.എഫ് വിരുദ്ധതയുടെ നാടകാഭിനയം അവസാനിപ്പിച്ച് ഭരിക്കുന്ന കോണ്‍ഗ്രസ്സിനെ പരസ്യമായി ആശ്ലേഷിക്കുന്നു.
ഇത്രയും കാലം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ ഉയര്‍ത്തിയിരുന്ന വിമര്‍ശനങ്ങളെല്ലാം വിഴുങ്ങിയവര്‍, ഉമ്മന്‍ ചാണ്ടിക്ക് കീഴിലെ കേരളം ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനവും ഭൂമിയിലെ സ്വര്‍ഗ്ഗവുമാണെന്ന് നിസ്സങ്കോചം വാദിക്കുന്നു.
ബംഗാളില്‍ മാത്രമല്ല, ഇവിടെയും കാര്യത്തോടടുക്കുമ്പോള്‍ ഞങ്ങള്‍ ഒന്ന് തന്നെയെന്ന് തെളിയിക്കുന്നു.
നിര്‍ഭയ സംഭവം നടന്നത് ഡല്‍ഹിയില്‍ ആണെന്നും, ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് വളരെയേറെ ദൂരം ഉണ്ടെന്നും ധരിച്ചിരുന്ന സാധാരണക്കാരനായ മലയാളിക്ക്, പെരുമ്പാവൂരില്‍ ഒരു പെണ്‍കുട്ടിയെ പട്ടാപ്പകല്‍ സ്വന്തം വീട്ടില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം വളരെ അവിശ്വസനീയവും ലജ്ജാകരവുമായിരുന്നു.
പെരുമ്പാവൂരില്‍ ജിഷ എന്ന പെണ്‍കുട്ടി ക്രൂരമായ പീഡനങ്ങള്‍ക്കൊടുവില്‍ കൊലചെയ്യപ്പെട്ടത് വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തിലാണ് ഇങ്ങനെയൊരു വിവാദം സൃഷ്ടിക്കപ്പെട്ടതെന്ന് കാണാതിരുന്നൂടാ. സംഭവം കഴിഞ്ഞു ഇത്രയും ദിവസമായിട്ടും പ്രതികളെ പിടികൂടാനാവാത്ത പൊലീസിന്റെ പിടിപ്പുകേടിനു ഉത്തരം പറയാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ബാധ്യസ്ഥരാണ് എങ്കില്‍, ജിഷയുടെ അമ്മ തന്നെ പേരെടുത്ത് സംഭവത്തിനു ഉത്തരവാദിയെന്ന് പറഞ്ഞ സാജു പോള്‍ എം.എല്‍.എയെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് പിന്‍വലിക്കാന്‍ പോലും തയ്യാറായിട്ടില്ലാത്ത എല്‍.ഡി.എഫ് മുന്നണി ഈ വിഷയത്തില്‍ അത്ര തന്നെ പ്രതിക്കൂട്ടിലാണ്. ജിഷയുടെ കൊലപാതകത്തിനെതിരായ പ്രതിഷേധങ്ങളെ സോമാലിയയില്‍ മുക്കികളഞ്ഞിരിക്കുകയാണ് ഇക്കൂട്ടര്‍.60 വര്‍ഷത്തെ ഭരണം കൊണ്ട് തങ്ങള്‍ ഒത്തൊരുമിച്ച് സൃഷ്ടിച്ച ‘കേരള മോഡല്‍ വികസനം’ എന്ന നുണക്കഥയെ സംരക്ഷിക്കാനുള്ള ഇരുമുന്നണികളുടെയും അഡ്ജസ്റ്റ്‌മെന്റ് അഭ്യാസങ്ങളെ ജനം ഇനിയെങ്കിലും തിരിച്ചറിയും എന്ന് വിശ്വസിക്കട്ടെ.

Top