Kummanam to take over as BJP State chief

ന്യൂഡല്‍ഹി :- സന്യാസിമാരുടേത് പോലെ സര്‍വ്വവും ഉപേക്ഷിച്ച് സമര്‍പ്പിത ജീവിത രീതി പിന്‍തുടരുന്ന കുമ്മനം രാജശേഖരന്റെ കീഴില്‍ സംസ്ഥാനത്തെ ബി.ജെ.പി ഇനി ഭദ്രം.

ഏറെ നാളുകളായി നടക്കുന്ന ചേരിപ്പോരിനൊടുവിലാണ് എതിര്‍പ്പുകളെ അവഗണിച്ച് ബി.ജെ.പി ദേശീയ നേതൃത്വം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുമതിയോടെ കുമ്മനം രാജശേഖരനെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റാക്കിയിരിക്കുന്നത്.

ബിജെപി അഖിലേന്ത്യാ പ്രസിഡന്റ് അമിത് ഷായാണ് ന്യൂഡല്‍ഹിയില്‍ തീരുമാനം പ്രഖ്യാപിച്ചത്.

സംഘ്പരിവാറിന്റെ തലപ്പത്ത് വിശ്വ ഹിന്ദു പരിഷത്തിനും ഹിന്ദു ഐക്യവേദിക്കും നേതൃത്വം കൊടുക്കുന്ന കുമ്മനത്തിന് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിളക്കമാര്‍ന്ന വിജയം നേടിക്കൊടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര നേതൃത്വം. നേരത്തെ സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന കുമ്മനം രാജശേഖരന്‍ ജോലി രാജിവച്ചാണ് ആര്‍.എസ്.എസില്‍ സജീവമായത്.

നിലക്കല്‍ സമരത്തിലും, ആറന്മുള, മാറാട് വിഷയങ്ങളിലും ഹിന്ദു സംഘടനകളുടെ മുഖമായി ശക്തമായ ഇടപെടല്‍ നടത്തിയത് കുമ്മനമായിരുന്നു.

ബി.ജെ.പി യിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പിനെ മറികടന്ന് ആര്‍.എസ്.എസിന്റെ ശക്തമായ ഇടപെടലോട് കൂടിയാണ് കുമ്മനത്തിന്റെ സ്ഥാനാരോഹണം.

ഇതോടെ ബി.ജെ.പി യുമായി നീരസത്തിലായി വിട്ടുനില്‍ക്കുന്ന സംഘപരിവാറിലെ മുഴുവന്‍ പ്രവര്‍ത്തകരെയും ഒരേ കുടക്കീഴില്‍ അണിനിരത്തി മുന്നോട്ട് പോവാന്‍ കഴിയുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.

വിശ്വഹിന്ദു പരിക്ഷത്ത് അന്താരാഷ്ട്ര സെക്രട്ടറി ജനറല്‍ പ്രവീണ്‍ തൊഗാഡിയ, അന്തരിച്ച പ്രമുഖ നേതാവ് അശോക് സിംഗാള്‍ എന്നിവരുമായി വളരെ അടുത്ത ബന്ധമാണ് കുമ്മനത്തിനുള്ളത്. ആര്‍.എസ്.എസ്. പ്രചാരകനായിരിക്കെ നേടിയെടുത്ത സംഘടനപാടവം രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മുതല്‍ക്കൂട്ടാവുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍.

ഹിന്ദു മുന്നണി സ്ഥാനാര്‍ത്ഥിയായി 1987 ല്‍ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍ മത്സരിച്ച കുമ്മനത്തെ ഇത്തവണ അവിടെ തന്നെയോ അതല്ലെങ്കില്‍ ആറന്മുളയിലോ മത്സരിപ്പിക്കാനും കേന്ദ്ര നേതൃത്വത്തിന് പദ്ധതിയുണ്ട്.

പ്രസിദ്ധമായ നിലയ്ക്കല്‍ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കാന്‍ 1984-ല്‍ എഫ്.സി.ഐ യിലെ ജോലി തന്നെ രാജിവച്ച പാരമ്പര്യമാണ് അദ്ദേഹത്തിന്റെ കൈമുതല്‍. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് പരിചിതമായ അഴിമതി തൊട്ടു തീണ്ടിയിട്ടില്ല എന്നത് എതിരാളികള്‍പോലും കുമ്മനത്തില്‍ കാണുന്ന അനുകൂല ഘടകമാണ്.

മുന്‍ കാലങ്ങളില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് ഒരു വാര്‍ത്തയേ അല്ലായിരുന്നെങ്കില്‍ ഇപ്പോള്‍ ദൃശ്യമാധ്യമങ്ങള്‍ അടക്കം മണിക്കൂറുകളോളം ഒബി വാനുകളുമായി ലൈവ് നല്‍കാനായി തലസ്ഥാനത്തെ മാരാര്‍ജി ഭവന് മുന്നില്‍ കാത്ത് കെട്ടി കിടക്കുന്ന സാഹചര്യമാണുള്ളത്.

ആര്‍.എസ്.എസ് പ്രതിനിധികളായി ബി.ജെ.പിയിലെത്തിവര്‍ പോലും സംഘത്തിന്റെ വിമര്‍ശനം ഏറ്റുവാങ്ങേണ്ട സാഹചര്യം നിലവിലെ ബി.ജെ.പി നേതൃത്വം സൃഷ്ടിച്ചതിനാല്‍ അടിമുടി ഒരു ഉടച്ച് വാര്‍ക്കലിന് കുമ്മനം ലക്ഷ്യമിടുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

വെള്ളാപ്പള്ളി നടേശന്റെ സമത്വ മുന്നേറ്റയാത്രയിലെ പ്രധാന പ്രാസംഗികനും വഴികാട്ടിയുമായിരുന്ന കുമ്മനത്തിന് വെള്ളാപ്പളിയെ നിഷ്പ്രയാസം വരുതിയില്‍ നിര്‍ത്താന്‍ കഴിയുമെന്നാണ് ആര്‍.എസ്.എസ്. നേതൃത്വത്തിന്റെ പ്രതീക്ഷ

Top