ആഡംബരപ്രിയരായ മന്ത്രിമാരെ തീറ്റിപ്പോറ്റേണ്ട ബാധ്യത കേരളത്തിലെ ജനങ്ങള്‍ക്കില്ല:കുമ്മനം

Kummanam

തിരുവനന്തപുരം: രോഗികളും ആഡംബരപ്രിയരുമായ മന്ത്രിമാരെ തീറ്റിപ്പോറ്റേണ്ട ബാധ്യത കേരളത്തിലെ ജനങ്ങള്‍ക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സ്പീക്കറും മന്ത്രിമാരും ചികില്‍സ ചെലവിനു പൊതുഖജനാവില്‍നിന്നു പണം എടുത്തതിനെതിരെയായിരുന്നു കുമ്മനത്തിന്റെ വിമര്‍ശനം.

ജനങ്ങള്‍ മുണ്ടു മുറുക്കിയുടുക്കണമെന്ന് ആവശ്യപ്പെടുന്ന ധനമന്ത്രി ചികില്‍സയ്ക്കിടെ പിഴിഞ്ഞുടുക്കാന്‍ വാങ്ങിയ തോര്‍ത്തിനും തലയിണയ്ക്കും വരെ പൊതുപണം എഴുതിയെടുത്തിരിക്കുകയാണ്. ഇത്രയും കാപട്യം നിറഞ്ഞ നേതാക്കളുള്ള സര്‍ക്കാര്‍ ഇതിനുമുന്‍പു കേരളത്തിലുണ്ടായിട്ടില്ലെന്നും കുമ്മനം പറഞ്ഞു.

ഇനിയൊരു ഭരണം കിട്ടില്ലെന്ന് തിരിച്ചറിഞ്ഞതോടെ ഭരണം ഉപയോഗിച്ച് സി.പി.എം നേതാക്കാളും കുടുംബാംഗങ്ങളും മന്ത്രിമാരും തടിച്ചു കൊഴുക്കുകയാണ്. കേരളത്തിന്റെ വികസനത്തിന് ഒരു പദ്ധതിയും അവതരിപ്പിക്കാന്‍ കഴിയാതെ കേന്ദ്രത്തെ കുറ്റം പറഞ്ഞു അവര്‍ കാലം കഴിക്കുകയാണ്. ഇതിനെയൊന്നും നിയന്ത്രിക്കാന്‍ കഴിവില്ലാതെ മൂകസാക്ഷിയായി മുഖ്യമന്ത്രി മാറിയത് ഈ തട്ടിപ്പില്‍ അദ്ദേഹത്തിനും പങ്കുള്ളതുകൊണ്ടാണെന്നും കുമ്മനം ആരോപിച്ചു.

Top