കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിലെ ആക്രമണം സിപിഎം സൃഷ്ടിച്ച തിരക്കഥ ; കുമ്മനം

Kummanam Rajasekharan

തിരുവനന്തപുരം: കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിലെ ആക്രമണം സിപിഎം സൃഷ്ടിച്ച തിരക്കഥയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

പ്രതിച്ഛായ നഷ്ടമായ സിപിഎം അത് വീണ്ടെടുക്കാന്‍ സൃഷ്ടിച്ച തിരക്കഥയാണ് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിലെ ആക്രമണമെന്നും, തിരുവനന്തപുരം മേയറെ ആക്രമിച്ചു എന്നത് പച്ചനുണയാണെന്നും കുമ്മനം വ്യക്തമാക്കി.

വധശ്രമത്തിന് കേസെടുക്കാന്‍ മാത്രം ഒന്നുമുണ്ടായിട്ടില്ലെന്നും, ബിജെപി കൗണ്‍സിലര്‍മാരെയും പ്രവര്‍ത്തകരെയും കള്ളകേസില്‍ കുടുക്കി ജയിലഴിക്കുള്ളിലാക്കാനാണ് ശ്രമമെങ്കില്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കുമ്മനം രാജശേഖരന്‍ തുറന്നടിച്ചു.

മാത്രമല്ല, കേരളത്തില്‍ ശാന്തിയും സമാധാനവുമുണ്ടാകാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും, സിപിഎമ്മിനെ രക്ഷപ്പെടുത്തുകയും എതിര്‍പക്ഷക്കാരെ കേസുകളില്‍ പെടുത്തി പീഡിപ്പിക്കുകയുമാണ് പൊലീസ് ചെയ്യുന്നതെന്ന് നിഷ്പക്ഷമായി അന്വേഷിച്ചാല്‍ മനസ്സിലാകുമെന്നും കുമ്മനം പറഞ്ഞു.

ബിജെപി കൊണ്ടുവന്ന പ്രമേയം അംഗീകരിക്കാത്തതിനെതിരെ നടന്ന പ്രതിഷേധമാണ് കയ്യേറ്റത്തില്‍ കലാശിച്ചത്.

Top