kummanam satement about rss ottapalam attacks

കോട്ടയം: ഒറ്റപ്പാലത്ത് കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ അക്രമം അപലപനീയമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

പ്രതികളെ മാതൃകപരമായി ശിക്ഷിക്കണമെന്നും ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് മാത്രമല്ല, എല്ലാ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നും കുമ്മനം വ്യക്തമാക്കി.

പത്രസ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിലുള്ള അക്രമങ്ങള്‍ പാര്‍ട്ടി പ്രോല്‍സാഹിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതികള്‍ക്ക് നേരെ പാര്‍ട്ടി നടപടിയെടുക്കുമോ എന്ന പത്രപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്നും കുമ്മനം രാജശേഖരന്‍ ഒഴിഞ്ഞ് മാറുകയും ചെയ്തു.

അക്രമത്തെ ബി.ജെ.പി-ആര്‍.എസ്.എസ് ജില്ലാ നേതൃത്വം അപലപിച്ചിട്ടില്ല. അതേസമയം അക്രമം നടത്തിയ പ്രതികളെ പിടികൂടാന്‍ ഇത് വരെ പൊലീസിനായിട്ടില്ല.

നെല്ലായ സംഘര്‍ഷത്തിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയാണ് ഒറ്റപ്പാലം കോടതി വളപ്പില്‍ ആക്രമണമുണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ ശ്യാം കുമാര്‍, റിപ്പോര്‍ട്ടര്‍ ചാനലിലെ ശ്രീജിത്ത്, പ്രാദേശിക ലേഖകന്‍ എന്നിവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്.

ഇവരെ അക്രമികള്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ക്യാമറകളും മൊബൈല്‍ ഫോണും നിലത്തെറിഞ്ഞ് നശിപ്പിച്ചു.സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസ് കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു.

ഒരു എം.എല്‍.എയും കേന്ദ്രത്തില്‍ ഭരണവുമില്ലാത്ത സമയത്തും വെട്ടിയിട്ടുണ്ടെന്നും മാധ്യമ പ്രവര്‍ത്തകരെ തീര്‍ത്തു കളയുമെന്നും അക്രമികള്‍ ഭീഷണി മുഴക്കി

Top