മുഖ്യമന്ത്രിയുടെ നിലപാട് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി; കുമ്മനം

kummanam

തിരുവനന്തപുരം: ടിപി സെന്‍കുമാറിന് അനുകൂലമായ സുപ്രീം കോടതി വിധി ഉടന്‍ നടപ്പാക്കാനാവില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

ടി പി സെന്‍കുമാറിന്റെ പുനര്‍നിയമനം വെകിപ്പിക്കുക എന്ന ഉദ്ദേശ്യം മാത്രമാണ് ഇതിനു പിന്നിലുള്ളത്. വിധി നടപ്പാക്കുന്നതിനുപകരം അത് എങ്ങനെ മറികടക്കാം എന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനു പോലും നീതി തേടി അലയേണ്ട സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും കുമ്മനം പറഞ്ഞു.

സുപ്രീം കോടതി വിധി വന്ന അന്നുമുതല്‍ ലോകനാഥ് ബെഹ്‌റ പൊലീസ് മേധാവി അല്ലാതെയായെന്നും അതിനാല്‍ തന്നെ ഡിജിപി എന്ന നിലയില്‍ അദ്ദേഹം പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ പാലിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ബാധ്യതയില്ലെന്നും കുമ്മനം വ്യക്തമാക്കി.

കോടതിയില്‍ പരാജയപ്പെട്ട അഭിഭാഷകനോടു തന്നെ അതേ കേസിന്റെ തുടര്‍ നടത്തിപ്പിനെപ്പറ്റി നിയമോപദേശം തേടുന്ന ലോകത്തിലെ ആദ്യ സര്‍ക്കാരാണ് പിണറായി വിജയന്റേത്. മലയാളികള്‍ക്ക് ഇത്രയും അവമതിപ്പ് ഉണ്ടാക്കിയ വേറൊരു സര്‍ക്കാരും കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും കുമ്മനം കുറ്റപ്പെടുത്തി.

കയ്യേറ്റവുമായി ബന്ധപ്പെട്ട സര്‍വകക്ഷി യോഗത്തിലേക്ക് മത മേലധ്യക്ഷന്‍മാരെ ക്ഷണിക്കാനുള്ള തീരുമാനത്തില്‍നിന്നു സര്‍ക്കാര്‍ പിന്‍മാറണം. കയ്യേറ്റക്കാര്‍ക്ക് മതസ്ഥാപനങ്ങളുടെ പിന്‍ബലമുണ്ടെന്നു വരുത്തിത്തീര്‍ക്കാനുള്ള തന്ത്രമാണ് ഈ തീരുമാനത്തിനു പിന്നില്‍.

കയ്യേറ്റക്കാരുമായി ബന്ധമില്ലെന്ന് മതമേലധ്യക്ഷന്‍മാര്‍ തന്നെ വ്യക്തമാക്കിയിട്ടും അവരെ ഇതുമായി ബന്ധപ്പെടുത്തുന്നത് അവരുടെ പദവിയെ അവഹേളിക്കാനാണ്. അതിനാല്‍ യോഗത്തില്‍നിന്നു മതമേലധ്യക്ഷന്‍മാര്‍ വിട്ടുനില്‍ക്കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

Top