kummanam rajashekaran-keralapiravi-message

തിരുവനന്തപുരം: രാജ്യത്തിന് മുഴുവന്‍ മാതൃകയായ കേരളാ മോഡല്‍ എന്ന അഭിമാന ഗോപുരത്തിന് ഇടിവ് തട്ടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

ജൈവ സഹജമായ, അനിവാര്യമായ വളര്‍ച്ചക്കപ്പുറം ഒന്നും കേരളത്തില്‍ ഉണ്ടായില്ല എന്നതാണ് യാഥാര്‍ത്ഥ്യമെന്നും ചക്കില്‍ കെട്ടിയ കാള എന്ന പ്രയോഗം പോലെ കഴിഞ്ഞ 60 വര്‍ഷമായി കേരളം നിന്നിടത്ത് തന്നെ നില്‍ക്കുകയാണെന്നും കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു.

കേരളത്തെ മാറിമാറി ഭരിച്ച ഭരണകര്‍ത്താക്കളുടെ ദീര്‍ഘ വീക്ഷണമില്ലായ്മ കൊണ്ട് മാത്രം സംഭവിച്ച ദുരന്തമാണിതെന്ന് കുമ്മനം ഫെയ്‌സ്ബുക്കില്‍ കിറിച്ചു.

സന്യാസി ശ്രേഷ്ഠന്‍മാരും സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും നേടിത്തന്ന പ്രബുദ്ധതയ്ക്കും പുരോഗമന ചിന്തയ്ക്കുമപ്പുറം മലയാളിയെ കൈപിടിച്ചു നടത്തുന്നതില്‍ ഭരണകൂടങ്ങള്‍ പരാജയപ്പെട്ടുവെന്നും നവോത്ഥാന നായകര്‍ പകര്‍ന്നു നല്‍കിയ മൂല്യങ്ങളെ ധൂര്‍ത്തടിച്ച മുടിയന്‍മാരായ പുത്രന്‍മാരായി ഭരണാധികാരികള്‍ മാറിയെന്നും കുമ്മനം ആരോപിച്ചു.

കൊട്ടിഘോഷിച്ച് അവതരിപ്പിച്ച ഭൂപരിഷ്‌കരണം സംഘടിത മതവിഭാഗങ്ങള്‍ക്ക് മാത്രം നേട്ടം നല്‍കുന്നതായി മാറിയെന്നും സംഘടിത വോട്ട് ബാങ്കായ ന്യൂനപക്ഷങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കാന്‍ ഭരണാധികാരികള്‍ മത്സരിച്ചെന്നും കുമ്മനം പറഞ്ഞു.

അടുത്ത തലമുറയേപ്പറ്റി ചിന്തിക്കാത്ത അടുത്ത തെരഞ്ഞെടുപ്പിനെ പറ്റി മാത്രം ചിന്തിക്കുന്ന നേതാക്കളാണ് കേരളത്തിലെ സ്ഥിതിഗതികള്‍ക്ക് കാരണമെന്നും അഞ്ച് വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് ചിന്താശേഷിയില്ലാത്ത നേതാക്കള്‍ നാടിന് ശാപമായി മാറിയെന്നും കുമ്മനം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഏറെ വാഗ്ദമാനങ്ങളുമായി രംഗത്തു വന്നവര്‍ക്കും അവതരിപ്പിക്കാന്‍ പുതുമ ഇല്ലെന്ന യാഥാര്‍ത്ഥ്യം കേരളം തിരിച്ചറിഞ്ഞുവെന്നും ഭരണ നേതൃത്വത്തില്‍ കാതലായ മാറ്റം ഉണ്ടായില്ലെങ്കില്‍ കേരളത്തിന്റെ ഭാവി ഇരുളടഞ്ഞതാണെന്നു കരുതേണ്ടി വരുമെന്നും, ഇരു മുന്നണികള്‍ക്കും ബദലായ ഒരു മുന്നേറ്റം കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ ഉണ്ടായത് പ്രത്യാശക്ക് വക തരുന്നതാണെന്നും സൂചിപ്പിച്ചു.

Top