കുമ്മനം രാജശേഖരൻ ഇന്ന് തലസ്ഥാനത്തെത്തും ; ആവേശത്തോടെ പ്രവർത്തകർ

തിരുവനന്തപുരം: മിസോറാം ഗവർണ്ണർ സ്ഥാനം രാജി വെച്ച് രാഷ്ട്രീയത്തിലേക്ക് മടങ്ങിയ കുമ്മനം രാജശേഖരൻ ഇന്ന് കേരളത്തിൽ എത്തും. രാവിലെ 8.30 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തിന് വൻ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന കുമ്മനത്തെ മുൻ പൊലീസ് മേധാവി സെൻകുമാർ, മുൻ ഐഎസ്ആർഒ ചെയർമാൻ മാധവൻ നായർ, മറ്റ് ബിജെപി നേതാക്കള്‍ എന്നിവർ ചേർന്ന് സ്വീകരിക്കും.

എയർപോട്ടിലെ സ്വീകരണത്തിനുശേഷം തുറന്ന വാഹനത്തിൽ നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ നഗരത്തിലേയ്ക്ക് ആനയിക്കും . തുടർന്ന് പഴവങ്ങാടി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം അദ്ദേഹം ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേയ്ക്ക് പോകും.

രണ്ടായിരത്തിലേറെ പ്രവർത്തകരെ അണിനിരത്തിയുള്ള സ്വീകരണം ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തുടക്കമാക്കാനാണ് ബിജെപിയുടെ നീക്കം. ഈ മാസം 8 നാണ് അദ്ദേഹം മിസോറം ഗവർണർ പദവി രാജിവച്ചത്.

Top