Kummanam Rajasekharan – water

തിരുവനന്തപുരം: വ്യക്തമായ ആസൂത്രണമില്ലായ്മയാണ് കേരളത്തിലെ ജലക്ഷാമത്തിനു കാരണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. മാറി മാറി ഭരിച്ചവര്‍ നീര്‍ത്തടസംരക്ഷണത്തിനായി ഒന്നും ചെയ്തില്ല.വേനല്‍ വരുമ്പോള്‍ മാത്രമാണ് ജലത്തേക്കുറിച്ച് ചിന്തിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. ലോക ജലദിനത്തോടനുബന്ധിച്ച് കരമനയാറ്റില്‍ നടത്തിയ ‘നദീവന്ദനം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു കുമ്മനം.

പരിസ്ഥിതിയെയും വികസനത്തെയും സമന്വയിപ്പിച്ചു കൊണ്ടുള്ള കേരള മോഡല്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ നമുക്കാകും. അതിനുമാത്രം വിഭവശേഷിയുമുണ്ട്. ഗള്‍ഫ് മേഖലയിലേയും റബര്‍ മേഖലയിലെയും പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ഇത് അനിവാര്യ മാണുതാനും. നിരവധി തൊഴിലവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കാനാവും.

അനിയന്ത്രിതമായ പ്രകൃതിചൂഷണമാണ് കേരളത്തെ വരള്‍ച്ചയുടെ തീച്ചൂളയിലേക്ക് തള്ളിവിട്ടത്. സര്‍ക്കാര്‍തലത്തില്‍ തന്നെ മാഫിയകള്‍ക്ക് ഒത്താശ ചെയ്യുന്നതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണങ്ങളാണ് മെത്രാന്‍ കായല്‍, കരുണ എസ്‌റ്റേറ്റ് വിവാദങ്ങള്‍. ആറന്മുളയിലും മെത്രാന്‍ കായല്‍ വിഷയത്തിലും രണ്ടു മുന്നണികളും അനുകൂല നിലപാട് സ്വീകരിച്ചത് കേരള ജനതയ്ക്ക് ഒരു മുന്നറിയിപ്പാണ്.

കുടിവെള്ളം വറ്റുമ്പോള്‍ ഏറ്റവുമധികം ദുരിത ത്തിലാകുന്നത് സാധാരണക്കാരാണ്. ഹരിതവും സമൃദ്ധവുമായ കേരളത്തിനുവേണ്ടി സര്‍വ്വശക്തിയോടെ പ്രയത്‌നിക്കുമെന്ന ‘ജലപ്രതിജ്ഞ’ ലോകജലദിനത്തില്‍ ഓരോരുത്തരും എടുക്കണമെന്നും കുമ്മനം പറഞ്ഞു.

Top