ശബരിമലയ്ക്ക് വേണ്ടി ത്യാഗം സഹിച്ചത് ബിജെപിയാണെന്ന് കുമ്മനം രാജശേഖരന്‍

kummanam rajasekharan

അടൂര്‍: ശബരിമലയ്ക്ക് വേണ്ടി ത്യാഗം സഹിച്ചത് ബിജെപിയാണെന്ന് പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ശബരിമല വിഷയത്തില്‍ വേണ്ടി വന്നാല്‍ കേന്ദ്രത്തില്‍ നിയമനിര്‍മാണം നടത്താന്‍ തയാറാണെന്ന് തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറഞ്ഞിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണെന്നും കുമ്മനം അറിയിച്ചു.

എല്‍ഡിഎഫും കോണ്‍ഗ്രസും ഈ വിഷയം തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഒന്നും പറഞ്ഞിരുന്നില്ല. ഇപ്പോള്‍ ഉപ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിയാല്‍ നിയമ നിര്‍മാണം നടത്തുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്. ഇപ്പോഴാണു യുഡിഎഫിന് ബോധോദയമുണ്ടായത്. ഇത് ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങളെ പറ്റിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാണ് പറയുന്നത്. തിരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള മനംമാറ്റമാണിതെന്നും കുമ്മനം കുറ്റപ്പെടുത്തി.

കോന്നി നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്റെ തിരഞ്ഞെടുപ്പു പ്രചരണാര്‍ഥം ഇളമണ്ണൂരില്‍ നടന്ന കുടുംബയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Top