അധ്യക്ഷ സ്ഥാനത്തിനായി ചരടുവലി നടത്തില്ല; കേന്ദ്രനേതൃത്വം തീരുമാനിക്കും: കുമ്മനം

തിരുവനന്തപുരം: ശ്രീധരന്‍ പിള്ളയ്ക്ക് ലഭിച്ച പദവി അര്‍ഹതയ്ക്കുള്ള അംഗീകാരമെന്ന് കുമ്മനം രാജശേഖരന്‍. പിള്ള മിസോറാം ഗവണറായി ചുമതലയേല്‍ക്കുമ്പോള്‍ ഒഴിവു വരുന്ന സംസ്ഥാന അധ്യക്ഷന്‍ പദവിക്കായി ചരടുവലി നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

പുതിയ സംസ്ഥാന അധ്യക്ഷനെ പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വം തീരുമാനിക്കും. അധ്യക്ഷസ്ഥാനം ഏറ്റെടുക്കാനാവശ്യപ്പെട്ടാല്‍ സ്വീകരിക്കുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയ്ക്ക് അതിന്റേതായ കീഴ് വഴക്കങ്ങളും നിയമങ്ങളും ഭരണഘടനയും നിലവിലുണ്ടെന്നും അതനുസരിച്ച് പാര്‍ട്ടി തീരുമാനങ്ങളെടുക്കുമെന്നും ആര്‍ എസ് എസിന് പ്രത്യേക അഭിപ്രായമില്ലെന്നും കുമ്മനം പറഞ്ഞു. അധ്യക്ഷനെ സംബന്ധിച്ചുള്ള കാര്യത്തില്‍ തന്റെ വ്യക്തിപരമായ അഭിപ്രായത്തിന് പ്രസക്തിയില്ലെന്നും ജനാധിപത്യപ്രക്രിയയിലൂടെ പാര്‍ട്ടി ഇക്കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് നേരിട്ട പരാജയത്തെ കുറിച്ച് കൃത്യമായ പഠനം നടത്തി വീഴ്ചകള്‍ തിരുത്തി സുശക്തമായി മുന്നോട്ട് പോകുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 16,000 വോട്ടുകളുടെ കുറവുണ്ടായിട്ടുണ്ടെന്നും എന്നാല്‍ എല്‍ഡിഎഫിനും യുഡിഎഫിനും അരൂര്‍, കോന്നി മണ്ഡലങ്ങളില്‍ അതിലും കൂടുതല്‍ വോട്ടുകളുടെ കുറവ് സംഭവിച്ചിട്ടുണ്ടെന്നും കുമ്മനം പറഞ്ഞു.സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പില്‍ അയ്യായിരത്തില്‍ പരം വോട്ടുകളുടെ കുറവ് മാത്രമാണുണ്ടായിട്ടുള്ളതെന്നും എന്‍ഡിഎ നില മെച്ചപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top