മനുഷ്യത്വമുള്ള ബജറ്റാണ് അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ചതെന്ന് കുമ്മനം രാജശേഖരന്‍

Kummanam rajasekharan

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാപദ്ധതി പ്രഖ്യാപിച്ചതിലൂടെ മോദി സര്‍ക്കാരിന്റെ മാനുഷിക മുഖമാണ് വെളിവായതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. രാജ്യത്തെ പകുതിയോളം വരുന്ന ജനങ്ങള്‍ക്കും പ്രയോജനം കിട്ടുന്ന പദ്ധതിയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മനുഷ്യത്വമുള്ള ബജറ്റാണ് അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ചതെന്നും വിവിധ മേഖലകളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ സമാഹരിച്ച പണം രാജ്യത്തെ അടിസ്ഥാന ജനങ്ങള്‍ക്ക് വിവിധ ക്ഷേമ പദ്ധതികളിലൂടെ തിരികെ നല്‍കാന്‍ ബജറ്റ് ശ്രദ്ധിച്ചിട്ടുണ്ടെന്നും കുമ്മനം പറഞ്ഞു.

എട്ടു കോടി പാവപ്പെട്ട സ്ത്രീകള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍, ഒരു വര്‍ഷത്തിനുള്ളില്‍ രണ്ട് കോടി ശൗചാലയങ്ങള്‍, 4 കോടി കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി, ഒന്നര ലക്ഷം ആരോഗ്യ കേന്ദ്രങ്ങള്‍ക്കായി 1200 കോടി, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിപ്രകാരം 1 കോടി വീടുകള്‍, ഗ്രാമീണ മേഖലയില്‍ തൊഴിലവസരം വര്‍ദ്ധിപ്പിക്കാന്‍ 14.34 ലക്ഷം കോടി, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്ക് 9,975 കോടി രൂപ എന്നിവയൊക്കെ ബിജെപി സര്‍ക്കാരിന്റെ പാവങ്ങളോടുള്ള നിലപാടിന്റെ പ്രതിഫലനമാണ്.

അടിസ്ഥാന സൗകര്യ മേഖലയില്‍ കൂടുതല്‍ പണം മുടക്കാനുള്ള തീരുമാനം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതാണ്. തൊഴിലാളികളായ സ്ത്രീകള്‍ പ്രോവിഡന്റ് ഫണ്ടിലേക്ക് അടയ്‌ക്കേണ്ട തുക ഇളവ് ചെയ്ത് കൊടുത്തത് കുടുംബ ബജറ്റിനെ സഹായിക്കും. വിദ്യാഭ്യാസ മേഖലയിലുള്ള നിക്ഷേപപം കൂട്ടാനുള്ള തീരുമാനം ഉന്നത വിദ്യാഭ്യാസത്തിന് വിദേശത്തേക്ക് പോകേണ്ടി വരുന്നവരുടെ എണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കൃഷി, അടിസ്ഥാന സൗകര്യ വികസനം, സ്ത്രീ സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയുള്ള ബജറ്റ് ഭാരതത്തിന്റെ വളര്‍ച്ച വേഗത്തിലാക്കും. കാര്‍ഷിക വിളകള്‍ക്ക് 50 ശതമാനം താങ്ങുവില ഏര്‍പ്പെടുത്താനുള്ള നീക്കവും , കര്‍ഷകര്‍ക്ക് ഇടനിലക്കാരുടെ സഹായമില്ലാതെ വിപണനം നടത്താന്‍ അവസരമൊരുക്കുന്നതും കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യുന്നതാണ്. ഇത്തരത്തില്‍ പാവങ്ങളേയും കര്‍ഷകരേയും മുന്നില്‍ കണ്ടുള്ള ബജറ്റ് സാധാരണക്കാരന്റെ ജീവിതത്തെ പ്രതികൂലമായി ബാധിക്കാത്തതാണ്. ജനകീയ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയെ അഭിനന്ദിക്കുന്നതായും കുമ്മനം വ്യക്തമാക്കി.

Top