ഗൗരി ലങ്കേഷിന്റെ പേരില്‍ മുതലെടുപ്പ് രാഷ്ട്രീയം നടത്താനുള്ള ശ്രമം പരിഹാസ്യമാണെന്ന് കുമ്മനം

kummanam rajashekaran

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം ഞെട്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

ജനാധിപത്യ മൂല്യങ്ങള്‍ക്കു നേരെ നടക്കുന്ന ഇത്തരം അക്രമങ്ങള്‍ അപലപനീയമാണെന്ന് കുമ്മനം വ്യക്തമാക്കി. അക്രമികളെ എത്രയും പെട്ടെന്ന് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. അതിന് കര്‍ണ്ണാടകം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന് കഴിവില്ലെന്ന് ഇതിനകം തന്നെ തെളിഞ്ഞതാണെന്നും കുമ്മനം കുറ്റപ്പെടുത്തി.

സമാന സാഹചര്യത്തില്‍ എം.എം.കല്‍ബുറഗി കൊല്ലപ്പെട്ടിട്ട് രണ്ടു വര്‍ഷം കഴിഞ്ഞു. കൊലപാതകികളെ പിടികൂടാന്‍ ഇതുവരെ അവര്‍ക്ക് സാധിച്ചിട്ടില്ല. ഈ കേസിലെങ്കിലും സത്യം പുറത്തു വരാന്‍ സിബിഐ അന്വേഷണം നടത്തണം. അതിനു തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് വിശദീകരിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

നിര്‍ഭാഗ്യകരമായ ഈ സംഭവത്തിന്റെ പേരില്‍ മുതലെടുപ്പ് രാഷ്ട്രീയം നടത്താനുള്ള കോണ്‍ഗ്രസ് സിപിഎം നേതാക്കളുടെ ശ്രമം പരിഹാസ്യമാണെന്നും കുമ്മനം പറഞ്ഞു.

കൊലപാതകികളെ എത്രയും പെട്ടെന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിന് പിന്തുണ നല്‍കുന്നതിന് പകരം മുന്‍വിധിയോടെ പ്രസ്താവന നടത്തുന്നത് അന്വേഷണം വൈകിപ്പിക്കാനും വഴിതെറ്റിക്കാനും മാത്രമേ ഉപകരിക്കൂവെന്നും കുമ്മനം പറഞ്ഞു.

സംഭവത്തിനു പിന്നില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്ന പ്രതിപക്ഷ നേതാവിന്റെയും സിപിഎം സംസ്ഥാന സെക്രട്ടറിയുടേയും പ്രസ്താവന എന്തടിസ്ഥാനത്തിലാണെന്നും കുമ്മനം ചോദിച്ചു. കര്‍ണാടക ആഭ്യന്തരമന്ത്രിക്കും സര്‍ക്കാരിനും കിട്ടാത്ത എന്തു വിവരമാണ് ഇവര്‍ക്കു രണ്ടു പേര്‍ക്കും കിട്ടിയതെന്ന് വിശദീകരിക്കണം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പതിവ് പരിപാടി ഒരാളുടെ മരണ സമയത്തെങ്കിലും ഒഴിവാക്കണമെന്നും കുമ്മനം അഭ്യര്‍ത്ഥിച്ചു.

Top