സൗമ്യയുടെ കൊലപാതകം: അന്വേഷണം വഴിതിരിച്ചുവിടാന്‍ നീക്കം നടത്തുന്നുവെന്ന് കുമ്മനം

മാവേലിക്കര: സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യ പുഷ്‌കരനെ തീകൊളുത്തി കൊന്നകേസിന്റെ അന്വേഷണത്തില്‍ ആഭ്യന്തരവകുപ്പ് അനാസ്ഥകാട്ടുന്നതായി ബിജെപി മുന്‍സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. പോലീസ് സേനയ്ക്കുണ്ടായ അപമാനം മറച്ചുവക്കുന്നതിനായി അന്വേഷണം വഴിതിരിച്ചുവിടാനുള്ള ഗൂഡനീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സൗമ്യയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഭവത്തിനുശേഷം ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സൗമ്യയുടെ വീട്ടിലെത്തി കുടുംബത്തെ ആശ്വാസിപ്പിക്കാന്‍ തയ്യാറായിട്ടില്ല. സൗമ്യയുടെ കുടുംബ ത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റടുക്കണം. സംഭവം നടക്കുമ്പോള്‍ കുറ്റവാളിയായ അജാസിനെ കൂടാതെ മറ്റൊരാള്‍ കൂടി ഒപ്പമുണ്ടായിരുന്നെന്ന വീട്ടുകാരുടെയും നാട്ടുകാരുടെയും പരാതിയില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കൊലപാതകത്തിന്റെ അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ശനിയാഴ്ചയാണ് വള്ളിക്കുന്നം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായിരുന്ന സൗമ്യ പുഷ്പാകരനെ(31) വെട്ടിപരിക്കേല്‍പ്പിച്ച ശേഷം അജാസ് പെട്രോളൊഴിച്ച് തീകൊളുത്തികൊലപ്പെടുത്തിയത്. തഴവ സ്‌കൂളില്‍ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയെഴുതിയശേഷം സ്‌കൂട്ടറില്‍ വീട്ടിലേക്കുവരികയായിരുന്നു സൗമ്യ. വീട്ടിലേക്കുള്ള ഇടവഴിയില്‍വെച്ച്, പിന്നാലെ കാറിലെത്തിയ അജാസ് സൗമ്യയെ ഇടിച്ചുവീഴ്ത്തി. പ്രാണരക്ഷാര്‍ഥം തൊട്ടടുത്തുള്ള യൂബ്രാ മന്‍സിലില്‍ മുസ്തഫയുടെ വീട്ടിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കവേ പിന്നാലെ പാഞ്ഞെത്തിയ ഇയാള്‍ മുറ്റത്തിട്ട് വടിവാള്‍ കൊണ്ട് സൗമ്യയെ വെട്ടിവീഴ്ത്തി.

കഴുത്തിനും തലയുടെ പിന്‍ഭാഗത്തുമാണു വെട്ടേറ്റത്. നിലത്തുവീണ സൗമ്യയുടെ ദേഹത്തും സ്വന്തം ദേഹത്തും അജാസ് പെട്രോളൊഴിച്ചു. തുടര്‍ന്ന് ലൈറ്റര്‍ ഉപയോഗിച്ച് തീകൊളുത്തുകയായിരുന്നു. സംഭവസമയത്ത് സമീപത്തെങ്ങും ആരുമുണ്ടായിരുന്നില്ല. അലര്‍ച്ചയും ബഹളവും കേട്ടു വീട്ടുകാര്‍ നോക്കിയപ്പോള്‍ രണ്ട് തീഗോളങ്ങളാണു കണ്ടത്. ബഹളംകേട്ട് സമീപവാസികള്‍ ഉള്‍പ്പെടെ ഓടിയെത്തിയപ്പോഴേക്കും സൗമ്യ മരിച്ചിരുന്നു. സംഭവത്തിന് പിന്നാലെ ഗുരുതര പരിക്കുകളോടെ ആശുപത്രിയല്‍ പ്രവേശിപ്പിച്ച പ്രതി അജാസും കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി.

Top