വിധിയെ എല്ലാവരും ഐക്യത്തോടെ സ്വീകരിച്ചത് സ്വാഗതാര്‍ഹം: കുമ്മനം

kummanam rajasekharan

തൃശൂര്‍: അയോധ്യ കേസിലെ സുപ്രീം കോടതി വിധിയെ എല്ലാവരും ഐക്യത്തോടെ സ്വീകരിച്ചത് സ്വാഗതാര്‍ഹമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. എല്ലാവരും സമാധാനം നില നിര്‍ത്താന്‍ ശ്രമിക്കണമെന്നും പ്രകോപനമായ പ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

നാല്‍പ്പത് ദിവസം തുടര്‍ച്ചയായി വാദം കേട്ടതിന് ശേഷം അയോധ്യയിലെതര്‍ക്ക ഭൂമിയില്‍ ക്ഷേത്രം പണിയണമെന്നാണ് സുപ്രീംകോടതിയുടെ ചരിത്ര വിധി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബഞ്ചാണ് നിര്‍ണ്ണായക വിധി പ്രസ്താവിച്ചത്. മുസ്ലീംങ്ങള്‍ക്ക് പള്ളിപണിയാന്‍ തര്‍ക്കഭൂമിക്ക് പുറത്ത് അഞ്ചേക്കര്‍ ഭൂമി നല്‍കണം. ക്ഷേത്രം നിര്‍മ്മിക്കാന്‍ ട്രസ്റ്റ് ഉണ്ടാക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ട്രസ്റ്റില്‍ നിര്‍മോഹി അഖാഡെയ്ക്ക് അര്‍ഹമായ സ്ഥാനം കൊടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇതിനായി നാല് മാസത്തിനകം കേന്ദ്രം കര്‍മ്മ പദ്ധതി തയ്യാറാക്കണമെന്നും കോടതി പറഞ്ഞു.

തര്‍ക്കഭൂമി ഏതെങ്കിലും കക്ഷികള്‍ക്ക് വിട്ടുകൊടുക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിന് കീഴിലാണ് ക്ഷേത്രം പണിയേണ്ടതെന്നും സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. തര്‍ക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധി പൂര്‍ണമായും തള്ളിയ കോടതി ക്രമസമാധാനം ഉറപ്പുവരുത്തണമെന്നും അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണെന്നും ചൂണ്ടികാട്ടി.

Top