പ്രളയക്കെടുതി : പൈതൃകനഷ്ടത്തിന് സഹായം വേണമെന്ന് പ്രധാനമന്ത്രിയോട് കുമ്മനം

Kummanam

ന്യൂഡല്‍ഹി : മഹാപ്രളയത്തില്‍ കേരളത്തില്‍ സംഭവിച്ച ഭൗതികമായ നാശനഷ്ടങ്ങള്‍ക്കൊപ്പം പൈതൃക കേന്ദ്രങ്ങള്‍ക്കുണ്ടായ നഷ്ടം കൂടി പഠന വിധേയമാക്കണമെന്ന് മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍. കേരളത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കണമെന്നും പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ ഭൗതിക നഷ്ടം വളരെ വലുതാണ്. അടിസ്ഥാന സൗകര്യങ്ങള്‍ക്കെല്ലാം സംഭവിച്ച തകര്‍ച്ചയും ആഘാതവും ജനജീവിതത്തെ താറുമാറാക്കി. ഇതോടൊപ്പം തന്നെയാണ് കേരളത്തിന്റെ മഹത്തായ സാംസ്‌ക്കാരിക പൈതൃക സങ്കേതങ്ങളും പുരാവസ്തുക്കളും പരമ്പരാഗത കലാരൂപങ്ങളും കരകൗശല-കുടില്‍ വ്യവസായങ്ങളും നാശത്തിനിരയായതെന്നും കുമ്മനം പ്രധാനമന്ത്രിയെ അറിയിച്ചു.

നഷ്ടങ്ങളും പ്രത്യാഘാതങ്ങളും കേരളം തലമുറകളായി കൈവരിച്ച തനതു സാങ്കേതിക വിദ്യകള്‍ക്കും കലാ സാംസ്‌ക്കാരിക നേട്ടങ്ങള്‍ക്കും ഉണ്ടാക്കിയ കോട്ടങ്ങല്‍ പഠനവിധേയമാക്കേണ്ടതുണ്ട്. ആറന്മുള കണ്ണാടി, പള്ളിയോടങ്ങള്‍, താളിയോലകള്‍, ചുവര്‍ ചിത്രങ്ങള്‍, ദാരു ശിലാ ശില്‍പ്പങ്ങള്‍, വിവിധ കലാരൂപങ്ങള്‍ തുടങ്ങിയ ഒട്ടേറെ പൈതൃക ഈടുവെയ്പ്പുകള്‍ തകര്‍ന്നു. അതി പുരാതനങ്ങളായ ക്രൈസ്തവ-ഹൈന്ദവ-മുസ്ലിം ആരാധനാലയങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അടിയന്തിര സഹായങ്ങള്‍ നല്‍കി ഇവയെല്ലാം പുനര്‍ നിര്‍മ്മിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും വിദഗ്ധ സംഘത്തെ നിയോഗിച്ച് കണക്കെടുപ്പ് നടത്തേണ്ടതുണ്ട്. നഷ്ടപ്പെട്ടു പോയതിന്റെ വീണ്ടെടുപ്പിന് ഒരു പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കി നടപടികള്‍ ആരംഭിക്കേണ്ടതുണ്ട്.

സംസ്ഥാനത്തെ ബഹുഭൂരിപക്ഷം നദികളും വെള്ളപ്പൊക്കത്തില്‍ തകര്‍ന്നിട്ടുണ്ട്. പമ്പാനദി, ഭാരതപ്പുഴ, പെരിയാര്‍ തുടങ്ങി ഒട്ടേറെ നദികളുടെ തിട്ടകള്‍ ഇടിഞ്ഞുവീണും ഗതിമാറി ഒഴുകിയും വലിയ നാശമാണ് സംഭവിച്ചിരിക്കുന്നത്. സംസ്‌ക്കാരത്തിന്റെ കളിത്തൊട്ടിലും ഈറ്റില്ലങ്ങളുമായ നദീതടങ്ങളെ സംരക്ഷിക്കുന്നതിന് അടിയന്തിര നടപടികള്‍ ആവശ്യമാണെന്നും അദ്ദേഹം വിവരിച്ചു.

ആന്ത്രോപോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ(കൊല്‍ക്കത്ത), ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ(ന്യൂദല്‍ഹി), ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്ട്സ്, നാഷണല്‍ മ്യൂസിയം(ന്യൂഡല്‍ഹി), നാഷണല്‍ മ്യൂസിയം ഓഫ് മാന്‍ കൈന്‍ഡ്(ഭോപ്പാല്‍), നാഷണല്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി, ഇന്ത്യന്‍ നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് ആന്റ് കള്‍ച്ചറല്‍ ഹെറിറ്റേജ് തുടങ്ങിയ ദേശീയ സാംസ്്കാരിക സ്ഥാപനങ്ങള്‍ കേരളത്തിന്റെ പൈതൃക സംരക്ഷണത്തിന് ഇടപെടണമെന്നും മിസോറാം ഗവര്‍ണ്ണര്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

Top