Kummanam-rajasekharan-bjp-Vattiyoorkkavu-assembly-election

തിരുവനന്തപുരം : സന്യാസി സമമായ ജീവിതം നയിക്കുന്ന സംസ്ഥാനത്തെ ഏക രാഷ്ട്രീയ നേതാവാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍.

സാമുദായിക നേതാവെന്ന നിലയില്‍ നിലയ്ക്കല്‍-ആറന്മുള വിമാനത്താവള സമരങ്ങളില്‍ കേരളത്തിന് സുപരിചിതമായ മുഖം.ബി.ജെ.പി യിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ആര്‍.എസ്.എസ് നേതൃത്വം ഇടപെട്ട് ബി.ജെ.പി യുടെ കടിഞ്ഞാണ്‍ ഏല്‍പ്പിച്ച ഹിന്ദു ഐക്യവേദിയുടെയും വി.എച്ച്.പി യുടെയും ഈ അമരക്കാരന്റെ സാന്നിദ്ധ്യമാണ് വട്ടിയൂര്‍ക്കാവ് മണ്ഡലത്തെ പ്രവചനാതീതമാക്കുന്നത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടത് – വലത് മുന്നണികളെ ഞെട്ടിച്ച് ഈ മണ്ഡലത്തില്‍ മുന്നിലെത്തിയത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന ഒ. രാജഗോപാലാണ്.

രാജഗോപാലിന് വ്യക്തിപരമായി കിട്ടിയ വോട്ടായും ഇടത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പാളിച്ച കാരണമായും ചൂണ്ടിക്കാട്ടി ബി.ജെ.പി മുന്നേറ്റത്തെ പ്രതിരോധിക്കുമ്പോഴും ഇടതുപക്ഷത്തെ സംബന്ധിച്ച് വട്ടിയൂര്‍ക്കാവ് ആശങ്കപ്പെടുത്തുന്നത് തന്നെയാണ്.

സിറ്റിംഗ് എം.എല്‍.എ കൂടിയായ കെ.മുരളീധരന്റെയും കോണ്‍ഗ്രസ്സിന്റെയും കാര്യവും വ്യത്യസ്തമല്ല.

മണ്ഡലത്തില്‍ സജീവ സാന്നിദ്ധ്യമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതും ത്രികോണ മത്സരവും തനിക്ക് നേട്ടമാവുമെന്ന് മുരളീധരന്‍ വിശ്വസിക്കുന്നുണ്ടെങ്കിലും കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനെതിരെ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പുകള്‍ക്ക് വേണ്ടി ഇടക്കിടെ നടത്തുന്ന പ്രതികരണങ്ങള്‍ അദ്ദേഹത്തിന്റെ ഇമേജിനെ ബാധിച്ചതിനാല്‍ തിരഞ്ഞെടുപ്പില്‍ ഇത് ഏത് രൂപത്തില്‍ മുരളീധരനെ ബാധിക്കുമെന്നത് കണ്ടറിയേണ്ട കാര്യമാണ്.

16,167 വോട്ടിനാണ് കഴിഞ്ഞ തവണ സി.പി.എം ലെ ചെറിയാന്‍ ഫിലിപ്പിനെ മുരളീധരന്‍ പരാജയപ്പെടുത്തിയത്.

ഇടതുപക്ഷമാവട്ടെ മുന്‍ എം.പി യും ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവുമായ ടി.എന്‍.സീമയെയാണ് മണ്ഡലം പിടിച്ചെടുക്കാന്‍ ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത്. വനിതാ നേതാവ് എന്ന രൂപത്തിലുള്ള മികച്ച പ്രതിച്ഛായയും ഭരണപക്ഷ വിരുദ്ധ വികാരവും വോട്ടായാല്‍ ടി.എന്‍.സീമ വിജയിക്കുമെന്നാണ് ഇടത് പക്ഷത്തിന്റെ കണക്കുകൂട്ടല്‍.

രണ്ട് മുന്നണികളെയും ഭയപ്പെടുത്തുന്ന പ്രവര്‍ത്തനമാണ് ഇതിനകം കുമ്മനം രാജശേഖരന്‍ മണ്ഡലത്തില്‍ നടത്തിയിട്ടുള്ളത്.

സംഘ് പരിവാര്‍ സംഘടനകള്‍ തങ്ങളുടെ മുഴുവന്‍ ശക്തിയും സമാഹരിച്ചാണ് കുമ്മനത്തിന് വേണ്ടി രംഗത്തിറങ്ങിയിരിക്കുന്നത്.

സംസ്ഥാനത്ത് താമര വിരിയാന്‍ സാധ്യതയുള്ള മണ്ഡലങ്ങളില്‍ പ്രധാനപ്പെട്ട മണ്ഡലമായാണ് ബി.ജെ.പി വട്ടിയൂര്‍ക്കാവിനെ കാണുന്നത്. മഞ്ചേശ്വരവും നേമവുമാണ് ബി.ജെ.പി ഉറപ്പിക്കുന്ന മറ്റ് മണ്ഡലങ്ങള്‍. ശ്രീ ശാന്തിന്റെ വരവോടെ തിരുവനന്തപുരം സെന്‍ട്രലും സംഘ് പരിവാര്‍ പ്രതീക്ഷയോടെയാണ് കാണുന്നത്.

ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് എന്ന രൂപത്തില്‍ മാത്രമല്ല സംഘ് പരിവാറിന്റെ തന്നെ കേരളത്തിലെ ചോദ്യം ചെയ്യപ്പെടാത്ത നേതാവ് എന്ന രൂപത്തിലാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കുമ്മനത്തിന്റെ വിജയം ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ചരിത്രത്തിലെ ഒരു തിരഞ്ഞെടുപ്പിലും നടത്താത്ത പ്രവര്‍ത്തനങ്ങളാണ് ആര്‍.എസ്.എസ് നേരിട്ട് വട്ടിയൂര്‍ക്കാവില്‍ നടത്തുന്നത്.

സര്‍ക്കാര്‍ ജോലിയും കുടുംബ ജീവിതവും ഉപേക്ഷിച്ച് പൊതുപ്രവര്‍ത്തനത്തിനിറങ്ങിയ കോട്ടയം ജില്ലക്കാരനായ കുമ്മനം രാജശേഖരന്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എറണാകുളത്തായിരുന്നു താമസം അതും വിഎച്ച്പിയുടെ ആസ്ഥാനത്ത്.

വി.മുരളീധരന്റെ പിന്‍ഗാമിയായി ബി.ജെ.പി പ്രസിഡന്റായി സ്ഥാനമേറ്റ ഉടനെ അഴിമതിക്കും അവിഹിതമായ ഇടപെടലുകള്‍ക്കുമെതിരെ സ്വന്തം പാര്‍ട്ടിയില്‍ തന്നെ ശുദ്ധികലശത്തിനാണ് അദ്ദേഹം തുടക്കമിട്ടിരുന്നത്.

പ്രസിഡന്റായി നിയമിക്കുന്നതിനായി ഡല്‍ഹിയിലേക്ക് കേന്ദ്രനേതൃത്വം വിളിച്ച് വരുത്തിയപ്പോള്‍ സാധാരണ യാത്ര ചെയ്യുന്ന വേഷത്തില്‍ സഞ്ചിയും പിടിച്ച് വിമാനതാവളത്തിലെത്തിയ കുമ്മനത്തിന്റെ ചിത്രം അഭിനവ രാഷ്ട്രീയക്കാര്‍ കാണേണ്ട കാഴ്ച തന്നെയാണ്. കോട്ടും സൂട്ടുമിട്ട നേതാക്കളെ മാത്രം കണ്ട് ശീലിച്ച ബി.ജെ.പി ആസ്ഥാനത്തെ നേതാക്കള്‍ക്കും സാധാരണക്കാരില്‍ സാധാരണക്കാരനായി എത്തിയ കുമ്മനം രാജശേഖരന്‍ അത്ഭുതമായിരുന്നു.

എതിരാളികള്‍ക്ക് പോലും ഒരു അഴിമതി ആരോപണം പോലും ഉന്നയിക്കാന്‍ നീണ്ട പൊതുജീവിതത്തിനിടയില്‍ ഒരവസരം കുമ്മനം ഉണ്ടാക്കി കൊടുത്തിട്ടില്ല എന്നതുതന്നെയാണ് മറ്റ് രാഷ്ട്രീയ നേതാക്കളില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.

Top