തിരുവനന്തപുരത്ത് കുമ്മനം തന്നെ; മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജി വെച്ചു. . .

ന്യൂഡല്‍ഹി: കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജി വെച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് കുമ്മനത്തിന്റെ രാജി സ്വീകരിച്ചു. തുടര്‍ന്ന് കുമ്മനം ബിജെപി സ്ഥാനാര്‍ത്ഥിയായായി തിരുവനന്തപുരത്ത് മത്സരിക്കും. കുമ്മനത്തെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത് പ്രധാനമന്ത്രിയാണ്.

തിരുവനന്തപുരത്ത് കുമ്മനത്തെ മത്സരിപ്പിക്കുവാന്‍ തീരുമാനിച്ചതിനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള സ്വാഗതം ചെയ്തു. സംഘടനാ തലത്തില്‍ മാറ്റമുണ്ടായാലും സ്വാഗതം ചെയ്യുമെന്നും കുമ്മനം സംസ്ഥാന നേതാക്കളുമായി സംസാരിച്ചെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

മിസോറാം ഗവര്‍ണറായിരുന്ന കുമ്മനം രാജശേഖരനെ കേരളത്തിലേക്ക് തിരികെ കൊണ്ടു വരണമെന്ന് സംസ്ഥാനത്തെ ആര്‍എസ്എസ് നേതൃത്വം ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ബിജെപി കേന്ദ്രനേതൃത്വം അംഗീകരിച്ചതോടെയാണ് കുമ്മനത്തിന്റെ മടങ്ങി വരവ് സാധ്യമായത്.

കുമ്മനം തിരുവനന്തപുരത്ത് മത്സരിക്കണമെന്ന് തന്നെയാണ് കേരളത്തിലെ ആര്‍എസ്എസ് ഘടകത്തിന്റെ നിലപാട്. ഇക്കാര്യം ബിജെപി ദേശീയ നേതൃത്വത്തെ അവര്‍ അറിയിക്കുകയും ചെയ്തിരുന്നു. കേരളത്തില്‍ ബിജെപിയ്ക്ക് ഏറ്റവും വിജയസാധ്യതയുള്ള സീറ്റാണ് തിരുവനന്തപുരത്തേതെന്നും ഏറ്റവും സാധ്യത കുമ്മനത്തിനാണെന്നുമാണ് ആര്‍എസ്എസിന്റെ വിലയിരുത്തല്‍.

Top